അഹമ്മദാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ അടിതെറ്റി വീണ് ചെന്നൈ. തോൽവിക്ക് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഗുജറാത്ത് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 13 . 4 ഓവറിൽ 140 റൺസിന് ഓൾ ഔട്ടായി.
സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായപ്പോൾ 17 പന്തില്‍ 47 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. മാത്യു ഷോര്‍ട്ട് 14 പന്തില്‍ 24 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് 7 പന്തില്‍ 16ഉം അന്‍ഷുല്‍ കാംബോജ് 8 പന്തില്‍ 19 റണ്‍സെടുത്തു. ഗുജറാത്തിനായി മുഹമ്മദ് സിറാജും കാഗിസോ റബാഡയും റാഷിദ് ഖാനും 3 വിക്കറ്റ് വീതം വീഴ്ത്തി. തോല്‍വിയോടെ 14 മത്സരങ്ങലില്‍ 6 ജയവും 8 തോല്‍വിയും അടക്കം 12 പോയിന്‍റുമായി ഏഴാം സ്ഥാനത്ത് ചെന്നൈ ഫിനിഷ് ചെയ്തു.
ചെന്നൈ സീസണ്‍ അവസാനിപ്പിച്ചപ്പോള്‍ 18 പോയിന്‍റുമായി ഗുജറാത്ത് ആദ്യ ക്വാളിഫയറിന് തൊട്ടരികിലെത്തി. ഐപിഎല്‍ ചരിത്രത്തില്‍ റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ചെന്നൈ വഴങ്ങുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഓപ്പണര്‍മാരായ സായ് സുദര്‍ശന്‍റെയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും ജോസ് ബട്‌ലറുടെയും അര്‍ധെസഞ്ചുറികളുടെ മികവിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തത്. 53 പന്തില്‍ 84 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍.






