ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ അഭിപ്രായഭിന്നത ശക്തമാകുന്നതിനിടെ ഡൽഹിയിൽ നാടകീയ സംഭവങ്ങൾ. ഹൈക്കമാൻഡുമായി ചർച്ച നടത്താൻ എത്തിയ നേതാക്കൾക്ക് മുന്നിൽ പ്രവർത്തകർ നടത്തിയ മുദ്രാവാക്യ വിളികളാണ് പാർട്ടിക്കുള്ളിലെ ഭിന്നത കൂടുതൽ തുറന്നുകാട്ടിയത്.
വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ കേന്ദ്ര നേതൃത്വത്തിന്റെ വിളിയെ തുടർന്ന് വെള്ളിയാഴ്ച രാത്രി ഡൽഹിയിലെത്തി. ഇന്ന് നടക്കുന്ന നിർണായക യോഗങ്ങളിൽ പങ്കെടുക്കാനാണ് ഇവർ എത്തിയിരിക്കുന്നത്.
ഡൽഹി കേരള ഹൗസിൽ വി.ഡി. സതീശന് പ്രവർത്തകർ വലിയ സ്വീകരണമാണ് നൽകിയത്. അർധരാത്രി കഴിഞ്ഞിട്ടും നിരവധി എൻഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ സ്ഥലത്ത് എത്തി “വി.ഡി.എസ് നേതാവേ അങ്ങ് നയിക്കൂ” എന്ന മുദ്രാവാക്യം വിളിച്ചു. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായാണ് വിദ്യാർഥി സംഘടനാ പ്രവർത്തകർ രംഗത്തെത്തിയത്.
അതേസമയം, സണ്ണി ജോസഫ് കേരള ഹൗസിലെത്തിയപ്പോഴും സതീശനെ അനുകൂലിച്ച മുദ്രാവാക്യങ്ങളാണ് ഉയർന്നത്. ഇത് കെപിസിസി നേതൃത്വത്തിനെതിരായ പ്രതിഷേധമായി വിലയിരുത്തപ്പെടുന്നു. ചില മുദ്രാവാക്യങ്ങൾ പ്രകോപനപരമായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതിനിടെ, രമേശ് ചെന്നിത്തല കേരള ഹൗസിൽ താമസിക്കാതെ സുഹൃത്തിന്റെ വീട്ടിലേക്കു പോയതും ശ്രദ്ധേയമായി. സാധാരണയായി താമസിക്കുന്ന മുറി അദ്ദേഹത്തിനായി ബുക്ക് ചെയ്തിരുന്നുവെങ്കിലും അദ്ദേഹം അവിടെ എത്തിയില്ലെന്നാണ് റിപ്പോർട്ട്.
കേരളത്തിൽ നേരത്തെ നടന്ന പോസ്റ്റർ യുദ്ധത്തിന്റെയും പരസ്യ പ്രതിഷേധങ്ങളുടെയും തുടർച്ചയാണ് ഡൽഹിയിലും കണ്ടതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ കെപിസിസി നേതൃത്വത്തിനുള്ളിൽ അതൃപ്തിയുണ്ടെന്നും ചില മുദ്രാവാക്യങ്ങളെക്കുറിച്ച് അന്വേഷണം ഉണ്ടായേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നിർണായക യോഗം ചേരും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നേതാക്കളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും. സമവായം ഉണ്ടായാൽ കേരളത്തിലെ പുതിയ നിയമസഭാകക്ഷി നേതാവിനെ ഇന്ന് രാത്രിയോ നാളെ രാവിലെയോ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത.




