തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രിയായ വി.ഡി സതീശൻ. തിരുവനന്തപുരത്തെ വാടകവീട്ടിലെത്തിയാണ് സതീശൻ പിണറായിയെ സന്ദർശിച്ചത്. വസതിയിലെത്തിയ സതീശനെ പിണറായി വിജയനും കുടുംബവും ചേർന്ന് സ്വീകരിച്ചു.
പിണറായി വിജയനെ വീട്ടിലെത്തി കാണുമെന്ന് നേരത്തെ തന്നെ സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 12 മണിയോടെയാണ് സന്ദർശനം നടന്നത്. ശാസ്തമംഗലത്തെ അടൂർ പ്രകാശിന്റെ വീട്ടിൽ നിന്നാണ് അദ്ദേഹം ഇവിടെ എത്തിയത്.
പിണറായി വിജയൻ ഭാര്യയും മകളും മറ്റ് കുടുംബാംഗങ്ങളുമൊത്ത് എത്തിയാണ് സതീശനെ സ്വീകരിച്ചത്. സന്ദർശനസമയത്ത് വി.കെ പ്രശാന്ത്, കെ.കെ ശൈലജ , എ.എൻ ഷംസീർ തുടങ്ങിയ സി.പി.എം നേതാക്കളും വീട്ടിലുണ്ടായിരുന്നു.
മുഖ്യമന്ത്രിയായി സതീശനെ എഐസിസി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെയും സി.പി.എം തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. സംസ്ഥാന സമിതിയിലാണ് ഈ തീരുമാനം എടുത്തത്. കഴിഞ്ഞ അഞ്ച് വർഷം നിയമസഭയിൽ സതീശൻ പ്രതിപക്ഷ നേതാവായും പിണറായി മുഖ്യമന്ത്രിയായും പ്രവർത്തിച്ചിരുന്നു. ഇനി സഭയിൽ ഇരുവരുടെയും സ്ഥാനങ്ങൾ പരസ്പരം മാറുന്ന രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെടുന്നത്.






