തിരുവനന്തപുരം: കടയ്ക്കാവൂരിൽ കോംബോ ഓഫറിൽ വാങ്ങിയ ഷവായയും ഷവർമയും കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. ഇവരിൽ 12 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കടയ്ക്കാവൂർ തെക്കുംഭാഗം എസ്.ആർ.വി. എൽ.പി. സ്കൂളിന് സമീപത്തെ ഭക്ഷണശാലയിൽ നിന്ന് തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
സൂപ്പർമാർക്കറ്റിനോട് ചേർന്ന് പുതുതായി പ്രവർത്തനം ആരംഭിച്ച ‘സിഗ്നേച്ചർ ഡിഷസ്’ എന്ന സ്ഥാപനത്തിൽ നിന്നാണ് ഭക്ഷണം വാങ്ങിയത്. ഷവായയും ഷവർമയും കഴിച്ചവരിലാണ് കൂടുതലായും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്.
ഭക്ഷണം കഴിച്ചവർക്ക് വയറിളക്കം, ഛർദി, തലകറക്കം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. വീട്ടിലേക്ക് പാർസലായി ഷവായ ഉൾപ്പെടെയുള്ള ഭക്ഷണം വാങ്ങിക്കൊണ്ടുപോയവരും വിഷബാധയേറ്റവരിൽ ഉൾപ്പെടുന്നു. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
ആദ്യഘട്ടത്തിൽ കപ്പയും ബീഫുമാണ് സ്ഥാപനത്തിൽ വിറ്റിരുന്നത്. പിന്നീട് ഷവർമ, ഷവായ തുടങ്ങിയ ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വിൽപ്പനയ്ക്ക് എത്തിച്ചു. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഉദ്ഘാടന ഓഫറിന്റെ ഭാഗമായി കോംബോ ഓഫറും പ്രഖ്യാപിച്ചിരുന്നു.
സംഭവത്തെ തുടർന്ന് കടയ്ക്കാവൂർ പഞ്ചായത്തിലും പോലീസിലും പരാതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെക്കുകയും ഭക്ഷണശാല പൂട്ടിക്കുകയും ചെയ്തു.
ആവശ്യമായ ലൈസൻസും മറ്റ് രേഖകളും ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.




