ബെംഗളൂരു: നഗരത്തെ നടുക്കിയ യുവാവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തുമകുരു സ്വദേശിയായ കിരൺ (27)നെ കൈകാലുകളും കണ്ണും കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പ്രേമ (27) കൃത്യമായ ആസൂത്രണത്തോടെയാണു കുറ്റം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
അഞ്ജന നഗറിലുള്ള പ്രേമയുടെ വീട്ടിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. ഇരുവരും ബെംഗളൂരുവിലെ രാജാജിനഗറിലെ ഒരു മൊബൈൽ ഷോറൂമിൽ ജോലി ചെയ്തുവരികയും രണ്ടുവർഷമായി അടുത്ത ബന്ധത്തിലുമായിരുന്നു. എന്നാൽ, പ്രേമയുടെ വിവാഹാഭ്യർഥന കിരൺ നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.
സംഭവ ദിവസം വീട്ടിൽ ആരുമില്ലാത്ത സമയത്ത് ‘സർപ്രൈസ്’ ഉണ്ടെന്ന വ്യാജേന പ്രേമ കിരണിനെ വീട്ടിലേക്ക് വിളിച്ചു. തുടർന്ന് ശാരീരിക ബന്ധത്തിലേർപ്പെടാമെന്ന് പറഞ്ഞ് കൈയും കാലുകളും കെട്ടി, കണ്ണും മൂടിക്കെട്ടി. ഇതെല്ലാം ബന്ധത്തിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച ശേഷം മുൻകൂട്ടി കരുതിയ പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നാണ് പോലീസ് വിശദീകരണം. വീട്ടിൽനിന്ന് പുകയും നിലവിളിയും കേട്ട അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. എന്നാൽ, തീയണച്ചപ്പോഴേക്കും കിരൺ മരിച്ചിരുന്നു.
ആദ്യമായി കിരൺ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പ്രേമയുടെ മൊഴി. എന്നാൽ പരസ്പരവിരുദ്ധമായ മൊഴികളും വീട്ടിൽ നിന്ന് കണ്ടെത്തിയ തെളിവുകളും പോലീസിന് സംശയം ഉണ്ടാക്കി. തുടർന്ന് മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ യുവാവിനെ തീകൊളുത്തിയ ദൃശ്യങ്ങൾ പകർത്തിയിരുന്നതായി കണ്ടെത്തി. ഇതോടെ ചോദ്യംചെയ്യലിൽ പ്രേമ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പ്രതി ഇടയ്ക്കിടെ മൊഴിമാറ്റുന്നുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.




