കർണാടക: കർണാടകയിലെ യാദ്ഗിർ ജില്ലയിൽ ഉണ്ടായ ഭീകരമായ റോഡ് അപകടത്തിൽ ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം. മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ആറ് പേരാണ് കാറിൽ കുടുങ്ങി വെന്തുമരിച്ചത്. രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിലാണ്.
റായ്ചൂരു ജില്ലയിലെ സിർവാർ സ്വദേശിയായ കൃഷ്ണ നായക് (48), ഭാര്യ അനന്ദലക്ഷ്മി (45), മകൾ നിസർഗ (28), നിസർഗയുടെ ഭർത്താവ് ശരണപ്പ (35), ഇവരുടെ മകൻ സിദ്ധാർഥ (3), ശശികല (30) എന്നിവരാണ് മരിച്ചത്. ശരണപ്പയുടെ മക്കളായ അദ്വിക (5), ശ്രീനിധി (1.5) എന്നിവരാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച യാദ്ഗിറിലെ ദേവപുരയ്ക്ക് സമീപം കാർ സ്വകാര്യ ബസുമായി നേർക്കുനേർ ഇടിക്കുകയായിരുന്നു. ഇടിയുടെ പിന്നാലെ കാറിലും ബസിലും തീപിടിച്ചു. കാറിലുണ്ടായിരുന്നവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഷോരാപൂരിലെ ശ്രീ വേണുഗോപാൽസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ബസിലുണ്ടായിരുന്ന ഏകദേശം 20 യാത്രക്കാരെ സമയത്ത് പുറത്തേക്ക് മാറ്റി. ചിലർക്കു പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കലബുറഗിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.




