പാര്‍ട്ടിയിലെ ആഴ്ചകളോളം നീണ്ട അഭ്യൂഹങ്ങളും അശാന്തിയുമെല്ലാം കഴിഞ്ഞ്, മുതിര്‍ന്ന നേതാവ് ശശി തരൂര്‍ വ്യാഴാഴ്ച കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവുമായി മുഖാമുഖം ചര്‍ച്ച നടത്തിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും നടന്ന ഏകദേശം രണ്ട് മണിക്കൂര്‍ ചര്‍ച്ചയെ ഇരുപക്ഷത്തും നിന്നുള്ളവര്‍ വളരെ പോസിറ്റിവായാണ് വിലയിരുത്തപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് പാര്‍ട്ടിയുടെ നീക്കമെന്നാണ് പുറത്തുവരുന്ന വിവരം.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് പാര്‍ലമെന്റ് സമുച്ചയത്തിലെ ഖാര്‍ഗെയുടെ ചേംബറില്‍ കൂടിക്കാഴ്ച നടന്നത്. ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ മൂന്ന് നേതാക്കള്‍ മാത്രമാണ് പങ്കെടുത്തത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തില്ലെങ്കിലും തരൂരും പാര്‍ട്ടി ഹൈക്കമാന്‍ഡും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചതായി സൂചനയുണ്ട്.
അതേസമയം, കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ ഉയര്‍ത്തിക്കാട്ടാനുള്ള അഭ്യൂഹങ്ങള്‍ ഇതിനകം തരൂര്‍ നിഷേധിച്ചിരിക്കുകയാണ്.
കേരളത്തിലും ദേശീയ തലത്തിലും പാര്‍ട്ടിയില്‍ അംഗീകാരത്തിന്റെയും രാഷ്ട്രീയപരമായ ഇടത്തിന്റെയും കുറവ് നേരിടുന്നതായുള്ള അതൃപ്തി വര്‍ധിച്ചതിനെത്തുടര്‍ന്നാണ് തരൂര്‍ ഈ കൂടിക്കാഴ്ച ആവശ്യപ്പെട്ടത് എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. നാലുതവണ എം.പിയും സംസ്ഥാനത്തുനിന്നുള്ള മൂന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളില്‍ ഒരാളുമായ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും സംഭാവനകള്‍ക്കും വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്നുള്ളതാണ് പ്രധാന പരാതിയെന്നാണ് പുറത്തുവരുന്ന വിവരം.
മറുവശത്ത്, വിദേശനയത്തിലെയും മറ്റ് ചില വിഷയങ്ങളിലെയും തരൂരിന്റെ സമീപകാല പൊതുപ്രസ്താവനകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അസ്വസ്ഥതയുണ്ടായിരുന്നു. ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടില്‍തന്നെ മാറ്റം വരുത്തുന്ന ഒന്നാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരള നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച തന്ത്രപരമായ യോഗങ്ങള്‍ ഉള്‍പ്പെടെ ചില പ്രധാന പാര്‍ട്ടി യോഗങ്ങളില്‍ തരൂര്‍ വിട്ടുനിന്നിരുന്നു.
ജനുവരി 19ന് കൊച്ചിയില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജയികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ‘മഹാപഞ്ചായത്ത്’ റാലിയില്‍ രാഹുല്‍ ഗാന്ധി വേദിയിലുണ്ടായിരുന്ന പല മുതിര്‍ന്ന നേതാക്കളെയും അഭിനന്ദിച്ചെങ്കിലും വേദിയിലുണ്ടായിരുന്നിട്ടും തരൂരിന്റെ പേര് പരാമര്‍ശിച്ചില്ല. ഈ ഒഴിവാക്കല്‍ തരൂരിനെ വല്ലാതെ വേദനിപ്പിച്ചതായി സൂചനയുണ്ട്.
കൂടിക്കാഴ്ചയില്‍ ഈ വിഷയങ്ങളെല്ലാം തുറന്നു സംസാരിച്ചതായാണ് പുറത്തു വരുന്ന വിവരം. പാര്‍ട്ടിയിലെ തരൂരിന്റെ പങ്ക്, കേരള ഘടകവുമായുള്ള ഏകോപനം, നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഐക്യത്തിന്റെ ആവശ്യകത എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. ഒരു ഇടനിലക്കാരന്റെ റോള്‍ വഹിച്ച ഖാര്‍ഗെ ഇരുപക്ഷത്തിനും ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കി. രാഹുല്‍ ഗാന്ധി, തരൂരിന് പാര്‍ട്ടിക്കുള്ളിലെ പ്രാധാന്യം ഊന്നിപ്പറയുകയും, എല്ലാ മുതിര്‍ന്ന നേതാക്കളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അറിയിച്ചതായാണ് സൂചന.
അതേസമയം, പ്രവര്‍ത്തിക്കാന്‍ കുറച്ചുകൂടി ഇടം വേണമെന്നും , അത് കേരളത്തിലായാല്‍ അത്രയും നല്ലത് എന്ന നിലപാട് തരൂര്‍ കൂടിക്കാഴ്ചയില്‍ പങ്കുവെച്ചുവെന്നാണ് വിവരം.
കോണ്‍ഗ്രസിനകത്തെ അവഗണനയും അഭിപ്രായവ്യത്യാസങ്ങളും യാഥാര്‍ത്ഥ്യമാണെങ്കിലും, അതിന് മറുപടിയായി സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ പോകുക എന്നത് തരൂരിന്റെ രാഷ്ട്രീയ സ്വഭാവത്തോട് പൊരുത്തപ്പെടുന്നില്ല എന്നാണ് ഒരു പക്ഷം പറയുന്നത്.
ഇപ്പോള്‍ മാധ്യമങ്ങളാണ് കുറ്റക്കാര്‍. ആ രീതിയിലായിരുന്നു തരൂരിന്റെ പ്രതികരണവും. ഏതയാലും ഇപ്പോള്‍ തരൂരും കോണ്‍?ഗ്രസ്സും ഒറ്റക്കെട്ടായ മട്ടിലാണ്. ഇത് എത്ര കാലത്തേക്കുണ്ടാവുമെന്നത് കാത്തിരിന്നു കാണേണ്ടിവരും.




