ബീജിങ്: ഇരു രാജ്യങ്ങൾക്കുമിടയിൽ പുതിയ ബന്ധത്തിന്റെ സൂചന നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനം. ബീജിങ്ങിലെത്തിയ കെയർ സ്റ്റാമറും ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്ങും ഒന്നര മണിക്കൂറോളം സ്വകാര്യമായി സംസാരിച്ചു. ഇരുവരുടെയും കൂടിക്കാഴ്ചക്ക് അനുവദിച്ച സമയത്തിന്റെ ഇരട്ടിയാണിത്.
ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും ബ്രിട്ടന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ് ചൈന. നിലവിൽ ബ്രിട്ടണിലേക്ക് പ്രതിവർഷം 45 ബില്യൺ യൂറോയുടെ ഉൽപന്നങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട്. അതിനാൽ സാമ്പത്തിക വിശ്വാസ്യത തേടി യു.കെ ചൈനയിലേക്ക് തിരിഞ്ഞതിൽ അതിശയിക്കാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
അതേസമയം, ചൈനയുടെ മികച്ച 10 വ്യാപാര പങ്കാളികളിൽ യു.കെ ഇടം നേടിയിട്ടില്ല. എന്നാൽ അമേരിക്കയുമായി ഉരസൽ നിലനിൽക്കുന്ന അറ്റ്ലാന്റിക് സമുദ്ര സഖ്യത്തിന്റെ ആഴത്തിലുള്ള അനിശ്ചിതത്വത്തിന്റെ സമയത്ത്, യു.എസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒരാളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ അവസരം ചൈനീസ് നേതൃത്വം ഉപയോഗപ്പെടുത്തുന്നതായാണ് സൂചനകൾ.




