ന്യൂഡൽഹി: രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ സമിതി രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി.
ഭക്ഷ്യരംഗത്തെ നിയന്ത്രിക്കാൻ സർക്കാർ സ്ഥാപിച്ച ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) നിലവിലുണ്ടായിരിക്കെ കോടതി ‘സൂപ്പർ റെഗുലേറ്റർ’ ആയി പ്രവർത്തിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ഇത്തരത്തിലുള്ള നിയന്ത്രണ സംവിധാനങ്ങൾ കോടതിയുടെ പരിധിയിൽപ്പെടുന്നില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ കെ.എ. പോൾ സമർപ്പിച്ച ഹർജിയിലൂടെയാണ് വിഷയം കോടതിയുടെ പരിഗണനയിൽ വന്നത്.
ഭക്ഷ്യവസ്തുക്കൾ വൃത്തിയില്ലാതെയും സുരക്ഷിതമല്ലാതെയും നിർമ്മിക്കുന്നുവെന്നാരോപിച്ച് കോടതി ഇടപെടണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പത്രവാർത്തകളെ മാത്രം അടിസ്ഥാനമാക്കി ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.




