ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം കേരളത്തിൽ വെച്ച് നടത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
താൻ കേരളത്തിൽ വെച്ച് മാധ്യമങ്ങളെ കാണുമെന്നും അവിടെ വെച്ച് സംസാരിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബജറ്റിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിക്കാനും അദ്ദേഹം തയ്യാറായില്ല. സർക്കാരിന്റെ സന്ദേശം അറിയിക്കുന്നതിനായി കേരളത്തിൽ ഒരു മീഡിയ ബ്രീഫിങ് നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
കേരളത്തിൽ എയിംസ് വരുമെന്ന് പല വേദികളിലും ആവർത്തിച്ചയാളായിരുന്നു സുരേഷ് ഗോപി. എന്നാൽ ആ പ്രഖ്യാപനം ഇത്തവണത്തെ ബജറ്റിലും നടപ്പായില്ല. എയിംസ് തൃശ്ശൂരോ ആലപ്പുഴയിലോ തിരുവനന്തപുരത്തോ വരുമെന്നും കേരളം ഭൂമി നൽകിയില്ലെങ്കിൽ പൊള്ളാച്ചിയിലേക്ക് പോകുമെന്നുമെല്ലാം അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. എയിംസിന്റെ കാര്യത്തിൽ കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യമാണ് ഇക്കുറിയും കേന്ദ്രം അവഗണിച്ചത്. ആരോഗ്യ രംഗത്ത് മുന്നിൽ നിൽക്കുന്ന കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.




