തൃശ്ശൂർ: കൊടകരയിൽ മുൻ വൈരാഗ്യത്താൽ യുവാവിനെയും സുഹൃത്തിനെയും സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പൊറത്തിശ്ശേരി കരുവന്നൂർ സ്വദേശി പോക്കാക്കില്ലത്ത് വീട്ടിൽ മുഹമ്മദ് നുജു എന്നയാളെയാണ് ബാഗ്ലൂർ എയർപോർട്ടിൽ നിന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2016 മെയ് 26 ന് നെല്ലായി ആലത്തൂർ സ്വദേശികളായ അരീക്കാട്ടിൽ വീട്ടിൽ സജിത്ത് ആലത്തൂർ മരാശ്ശേരി വീട്ടിൽ ജിജുവാസ് എന്നിവരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കോടതിയിൽ നിന്ന് ജാമ്യം എടുത്ത് ഒളിവിൽ പോവുകയായിരുന്നു.
ബഹ്റിനിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി രഹസ്യമായി നാട്ടിലേക്ക് കടക്കുന്നതിനായി ബാഗ്ലൂർ എയർപോർട്ടിൽ വന്നിറങ്ങിയപ്പോഴാണ് എമിഗ്രേഷൻ ഉദ്ദ്യോഗസ്ഥർ പ്രതിയെ തടഞ്ഞ് വെച്ചത്. പ്രത്യേക അന്വേഷണ സംഘത്തെ ബാഗ്ലൂരിലേക്ക് അയച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. മുഹമ്മദ് നുജു കൊടകര പോലീസ് സ്റ്റേഷനിൽ അടിപിടിക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലെയും പ്രതിയാണ്.
കൊടകര പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ദാസ് പി.കെ, എസ് ഐ ടി.അറാഫത്ത്, ജി എസ് ഐ ബിനോയ് മാത്യു , ജി എ എസ് ഐ ബിനു പൗലോസ്, ജി എസ് സി പി ഒ സജീഷ് കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുള്ളത്.




