തൃശൂർ: തൃശ്ശൂർ തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തളിക്കുളം പത്താംകല്ല് മലയാളി നഗറിൽ വാടകവീട്ടിൽ താമസിക്കുന്ന വാലിപ്പറമ്പിൽ സലീമിന്റെ മകൻ നാദിർഷ (15) യുടെ മൃതദേഹമാണ് സ്നേഹതീരത്തിന് പടിഞ്ഞാറ് നിന്ന് കണ്ടെത്തിയത്.
തൃത്തല്ലൂർ കമലാ നെഹ്രു മെമ്മോറിയൽ വി.എച്ച്.എസ്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു നാദിർഷ.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാദിർഷയും സുഹൃത്തായ അബ്ദുൾ റഹ്‌മാനും കടലിൽ കുളിക്കാനിറങ്ങിയത്. ആദ്യം തമ്പാൻകടവ് അറപ്പത്തോട് ബീച്ചിലെ അറപ്പത്തോട്ടിൽ ഇറങ്ങിയ ഇരുവരും പിന്നീട് വെള്ളം കുറവായതിനാൽ കടലിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ ശക്തമായ തിരയിൽപ്പെട്ട് ഇരുവരും ഒഴുകിപ്പോയി.
അബ്ദുൾ റഹ്‌മാന് നീന്തി കരയിലെത്താൻ കഴിഞ്ഞെങ്കിലും നാദിർഷയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, കരയിലെത്തിയ അബ്ദുൾ റഹ്‌മാനെ നാട്ടുകാരനായ ഒരാൾ മർദിച്ചെന്ന പരാതിയുണ്ട്. പരിക്കേറ്റ അബ്ദുൾ റഹ്‌മാൻ നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.



