തിരുവനന്തപുരം: പൊലീസിന്റെ വാടക ഹെലികോപ്റ്റര്‍ കരാർ പുതുക്കിയേക്കില്ല. വാടക ഹെലികോപ്റ്ററിന്റെ കരാറില്‍ മറ്റ് സാധ്യതകള്‍ തേടുകയാണ് സര്‍ക്കാര്‍. നിലവിലെ സംവിധാനത്തിന് പകരമായി വ്യോമസേനയുടെയും നാവികസേനയുടെയും ഹെലികോപ്റ്ററുകൾ ആവശ്യാനുസരണം വാടകയ്‌ക്കെടുക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.
അടിയന്തര സാഹചര്യങ്ങളിലും അവയവദാനവുമായി ബന്ധപ്പെട്ട ദൗത്യങ്ങൾക്കുമായി ഹെലികോപ്റ്റർ ലഭ്യമാക്കുന്ന പുതിയ സംവിധാനം കൊണ്ടുവരാനാണ് സർക്കാർ നീക്കം. ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടാൽ സൈനിക ഹെലികോപ്റ്ററുകൾ വാടകയ്ക്ക് ലഭ്യമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
നിലവിലുള്ള ഹെലികോപ്റ്ററിന് പ്രതിമാസം 80 ലക്ഷം രൂപയാണ് വാടക. മാസം 25 മണിക്കൂർ വരെ പറക്കുന്നതിനുള്ള കരാറാണുള്ളത്. അധികസമയം ഉപയോഗിച്ചാൽ മണിക്കൂറിന് പ്രത്യേക നിരക്കും നൽകണം. ഉപയോഗിച്ചാലും ഇല്ലെങ്കിലും പ്രതിമാസ വാടക നൽകേണ്ട സാഹചര്യം സർക്കാരിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
അവയവദാനവുമായി ബന്ധപ്പെട്ട് എട്ട് തവണ മാത്രമാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്. വയനാട് ദുരന്തകാലത്ത് വിഐപി യാത്രകൾക്കായും ഇത് വിനിയോഗിച്ചിരുന്നു. ഓഗസ്റ്റിൽ നിലവിലെ കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ ഹെലികോപ്റ്റർ സേവനം തുടരണോ എന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കണമെന്ന് ഡിജിപി ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും ചെലവ് കുറയ്ക്കുന്ന ബദൽ മാർഗങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്.






