ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിലെ ബർഗി അണക്കെട്ടിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞുണ്ടായ അപകടം രക്ഷാപ്രവർത്തകരെയും പ്രദേശവാസികളെയും ദുഃഖത്തിലാഴ്ത്തി. അപകടത്തിൽപ്പെട്ട അമ്മയും നാല് വയസ്സുകാരൻ മകനും ചേർന്നുള്ള ഹൃദയഭേദകമായ ദൃശ്യങ്ങൾ വെള്ളിയാഴ്ച പുറത്തുവന്നു.
വ്യാഴാഴ്ച വൈകുന്നേരമാണ് ഏകദേശം 29 യാത്രക്കാരുമായി പോയ ക്രൂയിസ് ബോട്ട് ശക്തമായ കാറ്റിനും മഴയ്ക്കും ഇടയിൽ അണക്കെട്ടിന്റെ ജലാശയത്തിൽ മറിഞ്ഞത്. വൈകുന്നേരം ആറുമണിയോടെ ഉണ്ടായ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ശക്തമായ തിരമാലകൾ രൂപപ്പെടുകയും ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതോടെ അത് തലകീഴായി മറിയുകയായിരുന്നു.
അപകടത്തിൽ ഇതുവരെ ഒമ്പത് പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് സംസ്ഥാന ദുരന്തനിവാരണ സേന തിരച്ചിലിനിടെ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു ലൈഫ് ജാക്കറ്റിൽ മകനെ നെഞ്ചോട് ചേർത്ത് പിടിച്ച നിലയിലായിരുന്നു അമ്മയുടെ മൃതദേഹം കണ്ടെടുത്തത്. അവസാന നിമിഷം വരെ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെന്നു വ്യക്തമാക്കുന്ന ഈ ദൃശ്യം ദുരന്തത്തിന്റെ വേദന വർധിപ്പിച്ചു.
അപകടത്തിന് പിന്നാലെ പ്രദേശവാസികളും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. 23 പേരെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കാൻ സാധിച്ചതായാണ് വിവരം. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും ലൈഫ് ജാക്കറ്റുകൾ നൽകുന്നതിൽ വൈകിയെന്നും ചില രക്ഷപ്പെട്ട യാത്രക്കാർ ആരോപിച്ചു. കാറ്റ് ശക്തമായപ്പോൾ ബോട്ട് കരയിലേക്ക് അടുപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും ജീവനക്കാർ പ്രതികരിച്ചില്ലെന്നും പരാതികളുണ്ട്.
സംഭവസ്ഥലം സംസ്ഥാന മന്ത്രിയും മുതിർന്ന ഉദ്യോഗസ്ഥരും സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.




