തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടിക്ക് സിപിഎം ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അന്വേഷണം അട്ടിമറിക്കാനാണ് ഈ നീക്കമെന്നും പിന്നിൽ മുതിർന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എസ്ഐടിയെ നിർവീര്യമാക്കാനുള്ള നീക്കത്തിൽ ഹൈക്കോടതി ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മുമായി ബന്ധമുള്ള രണ്ട് സിഐമാരെ കൂട്ടിച്ചേർത്തത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകർക്കുന്നതാണ്. അന്വേഷണ വിവരങ്ങൾ ചോർത്താനും അന്വേഷണത്തെ വഴിതിരിച്ചു വിട്ട് യഥാർഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്നും വി.ഡി.സതീശൻ പറഞ്ഞു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ എസ്ഐടിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നെന്ന് മുൻപും വി.ഡി.സതീശൻ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.






