പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്ന കേസിൽ മലപ്പുറം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം കൽപകഞ്ചേരി സ്വദേശികളായ ഷാഹുൽ ഹമീദും അബ്ദുൽ റഹീമുമാണ് കൊപ്പം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. വളാഞ്ചേരിയിലേക്ക് സിമന്റുമായി പോകുകയായിരുന്ന ലോറിയെ കാർ ഉപയോഗിച്ച് തടഞ്ഞുനിർത്തിയ പ്രതികൾ ഡ്രൈവറുടെ പക്കലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ മലപ്പുറത്ത് നിന്ന് പ്രതികളെ പൊലീസ് പിടികൂടി. പ്രതികൾ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.




