കൊച്ചി: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ രണ്ട് യുവാക്കളെ പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. പനങ്ങാട് സ്വദേശികളായ ഡാർവിൻ (23), ശ്യാമപ്രസാദ് (18) എന്നിവരാണ് പിടിയിലായത്. രാത്രികളിൽ ബൈക്കിൽ കറങ്ങി നടന്ന് ക്ഷേത്രങ്ങളുടെ പൂട്ട് തകർത്താണ് ഇവർ മോഷണം നടത്തിയിരുന്നത്. ഭണ്ഡാരം, വിളക്കുകൾ, കിണ്ടികൾ, വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങൾ എന്നിവയാണ് ഇവർ മോഷ്ടിച്ചിരുന്നത്.
മോഷണത്തിന് ഉപയോഗിച്ച ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചിരുന്നതുകൊണ്ട് പ്രതികളെ പിടികൂടുന്നത് പൊലീസിന് ബുദ്ധിമുട്ടായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. പനങ്ങാട് കോതേശ്വരം ശിവക്ഷേത്രം, പാട്ടുപറമ്പിൽ മഹാദേവ ക്ഷേത്രം, നെട്ടൂർ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടത്തിയതായി പൊലീസ് കണ്ടെത്തി. മോഷണ സാധനങ്ങൾ ചോറ്റാനിക്കരയിലെ ആക്രിക്കടയിൽ വിറ്റതായും കണ്ടെത്തി. ഇവയിൽ ചിലത് പൊലീസ് പിടിച്ചെടുത്തു.
പ്രധാന പ്രതിയായ ഡാർവിന് നേരത്തെ തന്നെ പോക്സോ ഉൾപ്പെടെ നിരവധി കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. പനങ്ങാട് സർക്കിൾ ഇൻസ്പെക്ടർ വി.വി. വിമലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണം തുടരുകയാണ്.




