തിരുവനന്തപുരം: ഔദ്യോഗിക ആവശ്യങ്ങൾക്കായി സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ആഡംബര റേഞ്ച് റോവർ കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി. മന്ത്രിയായ ശേഷമല്ല താൻ റേഞ്ച് റോവർ ഉപയോഗിക്കാൻ തുടങ്ങിയതെന്നും എം.എൽ.എ പോലുമല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷവും കാർ ഉപയോഗിച്ചിരുന്നുവെന്നും കെ.എം. ഷാജി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
മന്ത്രിയായ ശേഷം കാർ ഉപയോഗിച്ചത് കൃത്യമായ അനുമതി വാങ്ങിയ ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. കാർ നൽകിയതിന്റെ പേരിൽ ഉടമയ്ക്ക് യാതൊരു അവിഹിത സഹായവും ചെയ്തിട്ടില്ലെന്നും ഇക്കാര്യം പൊതുസമൂഹം പരിശോധിക്കണമെന്നും ഷാജി വ്യക്തമാക്കി.
ഇനിയും ഇത്തരം വാഹനങ്ങളിൽ യാത്ര ചെയ്യുമെന്നും തന്നെ തടയുമെന്ന തരത്തിലുള്ള ഭീഷണികൾ വേണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ മന്ത്രി പറഞ്ഞു. രാവിലെ 11.30ന് പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്നും കെ.എം. ഷാജി അറിയിച്ചു.












