തിരുവനന്തപുരം: അബരിമല ക്ഷേത്രത്തിലെ സ്വർണം പൂശൽ പ്രവൃത്തികളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പി.എസ് പ്രശാന്തിന്റെ കാലത്ത് നടന്ന സ്വർണം പൂശൽ നടപടികളിൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം ആവശ്യമാണെന്നാണ് റിപ്പോർട്ടിലെ ശുപാർശ. എന്നാൽ സ്വർണനഷ്ടം സംഭവിച്ചിട്ടില്ലെന്നും പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നടപടിക്രമങ്ങളിലുണ്ടായ വീഴ്ചകളാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. നിലവിൽ ജംഷഡ്‌പൂരിലെ ലാബിൽ സാമ്പിളുകളുടെ പരിശോധന പുരോഗമിക്കുകയാണ്. പരിശോധനാഫലം ലഭിച്ചതിന് ശേഷമായിരിക്കും വിഷയത്തിൽ ഹൈക്കോടതി അന്തിമ തീരുമാനം എടുക്കുക. സ്വർണനഷ്ടം ഉണ്ടായിട്ടില്ലെന്ന് ഉറപ്പായതിന് ശേഷമേ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകൂ എന്ന നിലപാടിലാണ് കോടതി എന്നാണ് റിപ്പോർട്ടുകൾ.






