ചെന്നൈ: അധികാരത്തിലെത്തിയതിന് പിന്നാലെ അനധികൃത മദ്യശാലകൾ അടച്ചുപൂട്ടുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കി വിജയ് സർക്കാർ. സംസ്ഥാനത്ത് ആകെ 717 ടാസ്മാക് മദ്യശാലകളാണ് അടച്ചത്. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന മദ്യശാലകളാണ് അടച്ചുപൂട്ടിയത്. ഇതിൽ 610 ഔട്ട്‌ലെറ്റുകൾ ബുധനാഴ്ചയ്ക്ക് മുൻപും 107 എണ്ണം ഇന്നലെയും അടച്ചതായി എക്സൈസ് മന്ത്രി കെ. വിഗ്നേഷ് അറിയിച്ചു.
ഏറ്റവും കൂടുതൽ മദ്യശാലകൾ അടച്ചത് മധുര ജില്ലയിലാണ്. ഇവിടെ 290 ഔട്ട്‌ലെറ്റുകൾ പൂട്ടി. കോയമ്പത്തൂരിൽ 179 മദ്യശാലകളും അടച്ചിട്ടുണ്ട്. അടച്ചുപൂട്ടിയ മദ്യശാലകളിൽ 3,474 ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. ഇവരിൽ 2,331 പേരെ മറ്റ് ടാസ്മാക് ഔട്ട്‌ലെറ്റുകളിലേക്ക് മാറ്റി നിയമിച്ചു. ബാക്കിയുള്ള ജീവനക്കാരുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ തമിഴ്നാട്ടിൽ 4,048 ടാസ്മാക് മദ്യശാലകളാണ് പ്രവർത്തിക്കുന്നത്.






