ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കി നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) മുന്നേറ്റം തുടരുന്നു. പുതിയ ട്രെൻഡുകൾ പ്രകാരം 234 അംഗ നിയമസഭയിൽ 100-ൽ അധികം സീറ്റുകളിൽ ടിവികെ ലീഡ് നിലയിലാണ്. എന്നാൽ, സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 സീറ്റുകളുടെ ഭൂരിപക്ഷം നേടാനാകുമോ എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല.
തിരഞ്ഞെടുപ്പിന് മുൻപ് ഡിഎംകെ, എഐഎഡിഎംകെ, എൻഡിഎ എന്നിവയുമായി സഖ്യമില്ലെന്ന് വിജയം വ്യക്തമാക്കിയിരുന്നു. എന്നാൽ കോൺഗ്രസ് പിന്തുണയ്ക്കാൻ തയ്യാറാണെന്ന് സൂചന നൽകിയിട്ടുണ്ട്. ഡിഎംകെയ്ക്ക് സാധാരണ ലഭിക്കുന്ന ചില വോട്ടുകൾ ഇത്തവണ ടിവികെയ്ക്ക് ലഭിച്ചെന്നാണ് വിലയിരുത്തൽ. ഭരണ വിരുദ്ധ വികാരവും വിജയുടെ മുന്നേറ്റത്തിന് സഹായമായെന്നാണ് കരുതുന്നത്.
ഭൂരിപക്ഷം നേടാനാകാത്ത സാഹചര്യത്തിൽ വിജയ്ക്ക് മുന്നിലുള്ള ചില വഴികളും ചര്‍ച്ചയാകുന്നു. എഐഎഡിഎംകെയുമായി സഖ്യം ഉണ്ടാക്കുക, ചെറിയ കക്ഷികളുമായി കൈകോർക്കുക, അല്ലെങ്കിൽ കോൺഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ സർക്കാർ രൂപീകരിക്കുക എന്നിവയാണ് സാധ്യതകൾ.
ഈ മുന്നേറ്റം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന്റെ സൂചനയാണ്. ഇനി വിജയുടെ അടുത്ത നീക്കം എന്താകുമെന്ന് രാഷ്ട്രീയവൃത്തങ്ങൾ കാത്തിരിക്കുകയാണ്.






