കൊച്ചി: ട്വന്റി 20 മത്സരരംഗത്ത് എത്തിയ മണ്ഡലങ്ങളിൽ കടുത്ത ത്രികോണ മത്സരം രൂപപ്പെട്ടതോടെ പോളിങ് ശതമാനം ഗണ്യമായി ഉയർന്നു. പാർട്ടിയുടെ ശക്തികേന്ദ്രമായി കണക്കാക്കുന്ന കുന്നത്തുനാട് ഇക്കുറി ശക്തമായ പോരാട്ടത്തിനാകളമായി മാറി.
ട്വന്റി 20 വോട്ടുകളും ബി.ജെ.പി. വോട്ടുകളും ഒന്നിക്കുമെന്ന പ്രചാരണം മണ്ഡലത്തിൽ ശക്തമായിരുന്നു. ഇതിനെ അഭിമാനപ്രശ്നമായി കണ്ട ട്വന്റി 20 നേതൃത്വം സജീവമായ പ്രചാരണം നടത്തി. മൂന്ന് മുന്നണികളും ശക്തമായി രംഗത്തെത്തിയതോടെ കുന്നത്തുനാട്ടിൽ പോളിങ് 84.9 ശതമാനമായി ഉയർന്നു.
തൃപ്പൂണിത്തുറയിലും വൈപ്പിനിലും ട്വന്റി 20യുടെ സാന്നിധ്യം ത്രികോണ മത്സരത്തിന് വഴിയൊരുക്കി. ബി.ജെ.പി.യുടെ ശക്തികേന്ദ്രമായ തൃപ്പൂണിത്തുറയിൽ 81.4 ശതമാനവും വൈപ്പിനിൽ 80.05 ശതമാനവും പോളിങ് രേഖപ്പെടുത്തി.
എറണാകുളം ജില്ലയിലെ കൊച്ചി, തൃക്കാക്കര, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം മണ്ഡലങ്ങളിലും ട്വന്റി 20 ശക്തമായ മത്സരം സൃഷ്ടിച്ചു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ട്വന്റി 20 ആദ്യമായി മത്സരിച്ച മണ്ഡലങ്ങളിൽ പോളിങ് വർധിച്ചു. റാന്നിയിൽ 68.99 ശതമാനം (2021-ൽ 63.83), ഏറ്റുമാനൂരിൽ 75.65 (72.9), തൊടുപുഴയിൽ 75.97 (72.54) എന്നിങ്ങനെയാണ് പോളിങ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്.




