തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ഏകദേശം 50 ഡിവിഷനുകളിൽ ഏപ്രിൽ 30-ന് ജലവിതരണം പൂർണമായും ഭാഗികമായും മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അരുവിക്കരയിലെ 72 എംഎൽഡി, 75 എംഎൽഡി ജലശുദ്ധീകരണ ശാലകളിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾക്കായി ഉൽപാദനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതാണ് പ്രധാന കാരണം. വെള്ളയമ്പലം ജംഗ്ഷനിലെ പ്രധാന പൈപ്പ് ലൈനിലെ കേടായ വാൽവ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികളും ഇതിനോടൊപ്പം നടക്കും.
വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വെള്ളിയാഴ്ച രാവിലെ 8 മണിവരെ വിവിധ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും. വലിയതുറ, വള്ളക്കടവ്, അമ്പലത്തറ, കമലേശ്വരം, ആറ്റുകാൽ, മണക്കാട്, ശ്രീവരാഹം, പൂന്തുറ, തമ്പാനൂർ, വഞ്ചിയൂർ, കണ്ണമൂല, പേട്ട, കരിക്കകം, വെട്ടുകാട്, പാളയം, ശാസ്തമംഗലം, വഴുതക്കാട്, തൈക്കാട്, ജഗതി, കുമാരപുരം, ഗൗരീശപട്ടം, മെഡിക്കൽ കോളേജ്, നന്ദൻകോട്, പേരൂർക്കട, കവടിയാർ, അമ്പലമുക്ക്, ഇന്ദിരാനഗർ തുടങ്ങിയ മേഖലകളിൽ പൂർണമായും ജലവിതരണം നിലക്കും.
അതേസമയം പരുത്തിപ്പാറ, മുട്ടട, കേശവദാസപുരം, പട്ടം, ഉള്ളൂർ, കുടപ്പനക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ ഭാഗികമായാണ് ജലവിതരണം തടസ്സപ്പെടുക. ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.




