പാലക്കാട്: ലേണേഴ്സ് ലൈസൻസ് പരീക്ഷ എഴുതാനെത്തിയ യുവതി ലൈസൻസില്ലാതെ ഇരുചക്രവാഹനം ഓടിച്ചെത്തിയതോടെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. വാഹനമോടിച്ച യുവതിക്കും വാഹനം ഉപയോഗിക്കാൻ നൽകിയ ഭർത്താവിനും ആലത്തൂർ സബ് ആർ.ടി.ഒ. ഓഫീസ് 5,000 രൂപ വീതം പിഴ ചുമത്തി.
ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും ലൈസൻസില്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാൻ അനുവദിച്ചതിനുമാണ് നടപടി. പരീക്ഷാകേന്ദ്രത്തിലേക്ക് യുവതി ഇരുചക്രവാഹനം ഓടിച്ചുവരുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു. എന്നാൽ അന്ന് അവർ പരീക്ഷ എഴുതാനെത്തിയതാണെന്ന് ഉദ്യോഗസ്ഥർക്ക് മനസ്സിലായിരുന്നില്ല.
പിന്നീട് ലേണേഴ്സ് ലൈസൻസ് പരീക്ഷയ്ക്ക് ഹാജരായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് യുവതി സ്വയം വാഹനം ഓടിച്ചെത്തിയതെന്ന് സ്ഥിരീകരിച്ചത്. ഇതോടെയാണ് നിയമലംഘനത്തിന് പിഴ ചുമത്തിയത്.
1988-ലെ മോട്ടോർ വാഹന നിയമത്തിലെ 180, 181 വകുപ്പുകൾ പ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് ആലത്തൂർ ജോയിന്റ് ആർ.ടി.ഒ. കെ.ആർ. രാജു അറിയിച്ചു.






