തൃശ്ശൂര്‍: ഈ മഴക്കാലത്ത് മൂന്നാറിലേക്ക് ഒരു ട്രിപ്പ് അടിച്ചാലോ? അതും കെഎസ്ആര്‍ടിസിയില്‍. ഓര്‍ഡിനറി ആയിതിനാല്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഡിപ്പോയില്‍ നിന്നാണ് ബസ് പുറപ്പെടുന്നത്. അധികം പേർക്ക് ഈയൊരു ബസിനെ കുറിച്ച് വലിയ അറിവില്ല. അറിയാമെങ്കില്‍ത്തന്നെ ഓര്‍ഡിനറിയാണെന്ന് അറിയാന്‍ സാധ്യതയില്ല.
കൊടുങ്ങല്ലൂര്‍ നഗരസഭയുടെ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി മെമ്മോറിയല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ 20 മിനിറ്റ് നിര്‍ത്തിയിടും. കൃത്യം 6.20-നാണ് യാത്ര പുറപ്പെടുക. പറവൂര്‍, ആലുവ, പെരുമ്പാവൂര്‍, കോതമംഗലം, അടിമാലി വഴി 11.30 ഓടെ മൂന്നാറിലെത്തും. സമയം ഏകദേശം 5 മണിക്കൂർ, ദൂരം 137 കിലോമീറ്റർ. തൃശ്ശൂരില്‍ നിന്ന് കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ റൂട്ടാണിത്. 2002-ല്‍ ആരംഭിച്ച സര്‍വീസാണിത്.
27 സ്റ്റോപ്പുകളിലും സ്റ്റാന്‍ഡുകളിലും നിര്‍ത്തി ആളെ കയറ്റിയും ഇറക്കിയും അടിമാലിയില്‍ ചായകുടിക്കായി നിര്‍ത്തിയും 137 കിലോമീറ്റര്‍ താണ്ടി കൃത്യം 11.45-ന് ബസ് മൂന്നാറിലെത്തും. മൂന്നുമണിക്കൂര്‍ കഴിഞ്ഞ് 2.45-നാണ് മടക്കം. ഇതേബസില്‍ മടങ്ങിയാല്‍ സ്ത്രീകള്‍ക്ക് മൊത്തം ചെലവ് 200-ല്‍ താഴെ. അടിമാലിയിലൊരു ചായ. മൂന്നാറില്‍ ഊണ്. മടങ്ങുമ്പോഴും ഒരു ടീ ബ്രേക്ക്. 3 മണിക്കൂര്‍ മൂന്നാര്‍ ആസ്വദിക്കാം.







