തൃശൂർ: കാർ തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എടതിരുത്തി മധുരമ്പിള്ളി സ്വദേശി കറുകതല വീട്ടിൽ നൗഷാദ് ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കാട്ടൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ജനുവരി 22-ന് ഉച്ചയോടെ ചെന്ത്രാപ്പിന്നി അലുവത്തെരു സമീപം നടന്ന സംഭവത്തിൽ ചമക്കാല സ്വദേശി താനത്തുപറമ്പിൽ ഷാബിന്‍റെ കാറിൽ പ്രതികളിലൊരാളുടെ വാഹനം റിവേഴ്സ് എടുക്കുന്നതിനിടെ തട്ടിയതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. ഷാബിനെ അസഭ്യം പറയുകയും ഇഷ്ടികയും ഇടിവളയും ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു.
കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന നൗഷാദ് പിടിക്കപ്പെടാതിരിക്കാനായി വേഷപ്രച്ഛന്നനായി സഞ്ചരിച്ചുവരികയായിരുന്നു. കാട്ടൂരിലെ അശോക് ബാറിൽ വേഷംമാറി എത്തിയതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നൗഷാദ് മുൻപ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. കൈപമംഗലം, കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ വീടുകയറി ആക്രമണം, അടിപിടി തുടങ്ങിയ കേസുകളും ഇയാൾക്കെതിരെയുണ്ട്.




