Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നന്നാകാൻ വിടാത്ത ഈഗോയാണ് യൂത്ത് കോൺഗ്രസിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

യൂത്ത്കോണ്‍ഗ്രസുകാരെ ടിവിയില്‍ മാത്രമേ കാണുന്നൂള്ളൂ. യുവാക്കളെ കൂടെ നിര്‍ത്താന്‍ എസ്എഫ്‌ഐ മികവ് കാട്ടുന്നുവെന്ന മുതിര്‍ന്ന കോൺഗ്രസ്‌ നേതാവ് പിജെ കുര്യന്റെ വിമര്‍ശനത്തിന് മറുപടി നല്‍കാനുളള നെട്ടോട്ടത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉൾപ്പെടെയുള്ള യുവനേതാക്കള്‍. എന്നാല്‍ സംഘടനയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ഒരു മുതിര്‍ന്ന നേതാവ് പറയുന്നതില്‍ കാര്യമുണ്ടോ എന്ന് ചിന്തിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതേയില്ല. പകരം അവിടേയും ഇവിടേയും മന്ത്രിമാര്‍ക്ക് നേരെ നടക്കുന്ന പ്രതിഷേധങ്ങളെ വലിയ സംഭവമായി കാണിക്കുകയാണ് ചെയ്യുന്നത്. ഒരു വിഷയം ഏറ്റെടുത്ത് തുടര്‍ സമരങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്നില്ല എന്ന വിമര്‍ശനം ശരിവയ്ക്കുന്നതാണ് സമീപകാല സംഭവങ്ങള്‍.

സര്‍ക്കാരിന്റെ ഓരോ വീഴ്ചകളിലും ഒന്നോ രണ്ടോ ദിവസം സമരം നടത്തി ആ ചടങ്ങ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ ആരോഗ്യ മേഖലയിലെ പോരായ്മകള്‍ ഇടത് അനുകൂലിയായ ഡോ: ഹാരിസ് ചിറക്കല്‍ ചൂണ്ടികാട്ടി. ആ വിഷയത്തില്‍ പ്രതിഷേധം തുടങ്ങി. ഇതിനിടയിലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ബിന്ദു എന്ന വീട്ടമ്മ കെട്ടിടം ഇടിഞ്ഞു വീണ് മരിച്ചത്. ഇതോടെ ആരോഗ്യമന്ത്രി രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി.

എന്നാല്‍ രണ്ട് ദിവസം കൊണ്ട് തന്നെ ആവേശം ഏറെക്കുറെ അവസാനിക്കുകയും ചെയ്തു. കീം പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. മന്ത്രി ബിന്ദുവിന് നേരെ ചിലയിടങ്ങളിലെ കരിങ്കൊടി പ്രതിഷേധം ഒഴികെ പ്രസ്താവനകളിലെ വിമര്‍ശനങ്ങള്‍ മാത്രമാണ് ഉയരുന്നത്. ഇത് തന്നെയാണ് കഴിഞ്ഞ കുറച്ച് നാളുകളായുള്ള യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനം. ഇതിനൊപ്പമാണ് വയനാട് ദുരിത ബാധിതര്‍ക്കായി പണം പിരിച്ചത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ വിമര്‍ശനം ഉന്നയിച്ചത്.

ഡിവൈഎഫ്‌ഐ 20 കോടി പിരിച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ എത്ര പിരിച്ചു എന്ന് പോലും വ്യക്തമാക്കാതെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തിക്കുന്നത്. വിവാദമുയര്‍ന്നോപ്പോള്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു കണക്ക് പറഞ്ഞു. എന്നാല്‍ അതിലെ സുതാര്യത ഇപ്പോഴും ചോദ്യമായി അവശേഷിക്കുകയാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്ത് തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ള യുവനേതാക്കളുടെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. റീല്‍സ് പ്രവര്‍ത്തനം മാത്രമാണ് നടത്തുന്നതെന്നും ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നില്ലെന്നും ആയിരുന്നു അന്നത്തെ ആരോപണം.

പിവി അന്‍വറുമായി ഇനി ചര്‍ച്ചയില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ശേഷം പാതിരാത്രി സ്വന്തം നിലയില്‍ അന്‍വറിന്റെ വീട്ടില്‍ പോയി ചര്‍ച്ച നടത്തി ഒരു സൂപ്പര്‍ നേതാവ് ആകാനുള്ള ശ്രമവും രാഹുൽ നടത്തി. ഇത് കോണ്‍ഗ്രസിനെ ചെറുതായല്ല ജനങ്ങളുടെ ഇടയില്‍ നാണം കെടുത്തിയത്. ഈ പ്രശ്നങ്ങള്‍ തന്നെയാണ് പിജെ കുര്യനെ പോലെ ഒരു നേതാവും പറഞ്ഞത്. അതിലെ മുന്നറിയിപ്പ് മനസിലാക്കി പ്രവര്‍ത്തിക്കാതെ പറഞ്ഞ നേതാവിനെ ഒരു ബഹുമാനവുമില്ലാതെ പരിഹസിക്കുകയാണ് രാഹുല്‍ അടക്കമുളളവര്‍ ചെയ്യുന്നത്. ഇത് തിരുത്തേണ്ടത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും അടക്കമുളള നേതാക്കളാണ്. ചരിത്രം എടുത്തു പരിശോധിച്ചാൽ പല ഘട്ടങ്ങളിലും അധികാരത്തിലേക്ക് എത്തിച്ചിട്ടുള്ളത് യുവജന വിദ്യാർഥി സംഘടനകൾ ആണ്. ഇന്നും യൂത്ത് കോൺഗ്രസും കെഎസ്‌യുവും എല്ലാം പഴയ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും വാക്കുകൾ കൊണ്ടാണ് വല്ലാതെ വാചാലരാകുന്നത്.

പഴയ ചരിത്രവും പൈതൃകവും അല്ലാതെ ഇന്നത്തെ കാലത്ത് പറയത്തക്ക സമരങ്ങൾ പോലും ഈ യുവജന വിദ്യാർഥി സംഘടനകൾക്കില്ല എന്നതാണ് യാഥാർത്ഥ്യം. എന്തു പ്രശ്നമുണ്ടെങ്കിലും സംസ്ഥാന ജില്ലാതലങ്ങളിൽ യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഇതിനൊന്നും തുടർച്ചയുണ്ടാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ആ യാഥാർത്ഥ്യത്തെയാണ് പിജെ കുര്യൻ ഉൾപ്പെടെയുള്ളവർ തുറന്നു കാട്ടിയത്. കെഎസ്‌യുവിനെ എടുത്തു പരിശോധിച്ചാൽ തന്നെ ഈ അധ്യായന വർഷത്തിൽ എത്രയോ പഠിപ്പ് മുടക്ക് സമരങ്ങളാണ് സംസ്ഥാനതലത്തിൽ ചെയ്തിട്ടുള്ളത്. പണ്ടൊക്കെ പഠിപ്പുമുടക്ക് സമരം ചെയ്യുക എന്നത് ഏറ്റവും ഒടുവിലത്തെ ഒരു സമര രീതിയായിരുന്നു.

എന്നാൽ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് നിയമസഭയിലേക്കുള്ള മാർച്ചുകളിൽ ഉണ്ടാകുന്ന ചെറിയ സംഘർഷങ്ങളിൽ പോലും സംസ്ഥാനതല പഠിപ്പു മുടക്ക് പ്രഖ്യാപിക്കപ്പെടുകയാണ്. ഇതെല്ലാം പൊതുസമൂഹത്തിൽ വിദ്യാർത്ഥി സംഘടനകളോട് എതിർപ്പ് രൂപപ്പെടുത്തുവാൻ ഇടവരുത്തുന്ന കാര്യങ്ങളാണ്. ഒട്ടും വിവേകത്തോടെ അല്ലാതെ, നിരുത്തരവാദപരമായി വൈകാരികതയോടെ സമീപിക്കുന്ന രീതിയാണ് പൊതുവേ യൂത്ത് കോൺഗ്രസുകാർക്കും കെഎസ്‌യു കാർക്കും ഉള്ളത്. ആരെങ്കിലും ഏതെങ്കിലും തരത്തിൽ വിമർശനമുന്നയിച്ചാൽ തങ്ങളെ നന്നാക്കാൻ ആണെന്ന് ചിന്തിക്കുവാനുള്ള ബോധം ഒന്നും ഈ കൂട്ടർക്ക് ഇപ്പോഴില്ല.

പണ്ടൊക്കെ പഠന ക്യാമ്പുകളിൽ നിന്നും സ്വയം വിമർശനം ഉൾക്കൊണ്ട് തിരുത്തലുകൾ വരുത്തി, മാതൃസംഘടനയെ പോലും തിരുത്തലുകൾക്ക് വിധേയമാക്കി മുന്നോട്ട് നയിച്ചിട്ടുള്ള യുവജന വിദ്യാർത്ഥി സംഘടനകൾ ആണ് ഇന്ന് വിമർശനങ്ങളോട് അസഹിഷ്ണുത കാട്ടുന്നത്. 2026 ലെ തെരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് അതിജീവനത്തിന്റെ പോരാട്ടമാണ്. ഇനിയും പ്രഹസന സമരങ്ങളിൽ വിരാജിക്കാതെ സമര പോരാട്ടങ്ങൾക്ക് കെഎസ്‌യുവും യൂത്ത് കോൺഗ്രസും വാർഡ് തലങ്ങളിൽ വരെ നേതൃത്വം നൽകിയില്ലെങ്കിൽ ഇനിയൊരു യുഡിഎഫ് സർക്കാർ എന്നത് കേരളത്തിൽ സാധ്യമാകാത്ത സ്വപ്നമായി അവശേഷിക്കും.. തീർച്ച..

Recent News

Advertisement
WhiteswanTV Footer