തൃശൂർ: ചിമ്മിനി ഉൾക്കാട്ടിൽ ഫയർലൈൻ ജോലിക്കിടെ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ ഉന്നതിയിലെ മലയൻവീട്ടിൽ കുമാർ (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മംഗലം ഡാമിന്റെയും ചിമ്മിനി ഡാമിന്റെയും അതിർത്തിപ്രദേശമായ ഒളകര കവയിലായിരുന്നു സംഭവം.
ഉൾക്കാട്ടിൽ ഫയർലൈൻ അളവെടുക്കാൻ പോയ ആറംഗ സംഘത്തിനാണ് പിടിയാനയുടെ ആക്രമണം നേരിടേണ്ടിവന്നത്. ആനയെ കണ്ടതോടെ സംഘം വിവിധ ദിശകളിലേക്ക് ഓടിപ്പിരിഞ്ഞു. ഏകദേശം അരമണിക്കൂറിന് ശേഷം തിരികെ എത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ച നിലയിൽ കുമാറിനെ കണ്ടെത്തിയത്.
കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിന്നി, ശ്രീജിത്ത്, വാച്ചർമാരായ ഫാരിസ്, വിബിൻ, അനീഷ് എന്നിവർ ചേർന്നാണ് കുമാറിനെ കാടിന് പുറത്തേക്ക് എത്തിച്ചത്. തുടർന്ന് വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.






