കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളക്ഷാമത്തെ തുടർന്ന് ശസ്ത്രക്രിയകൾ മാറ്റിവെച്ചു. സർജിക്കൽ ബ്ലോക്കിലെ ജലസംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന പമ്പുകൾ തകരാറിലായതാണ് പ്രശ്നത്തിന് കാരണം. പമ്പുകൾ നന്നാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ശുചിമുറികൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ടാങ്കറുകളിൽ വെള്ളം എത്തിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്.
പ്രശ്നം പരിഹരിക്കാൻ അതിവേഗ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ മുതലാണ് ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിൽ തടസ്സം നേരിട്ടത്. പുതിയ സർജിക്കൽ ബ്ലോക്കിന്റെ എട്ടാം നിലയിൽ ഉള്ള വാട്ടർ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്ന പമ്പുകളും മോട്ടോറുകളും തകരാറിലായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
വെള്ളം ലഭ്യമല്ലാത്തതിനാൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകൾ മാറ്റിവെക്കേണ്ടിവന്നു. ഇന്ന് നടത്താനിരുന്ന ഏകദേശം 21 ശസ്ത്രക്രിയകളാണ് ഇതോടെ തടസ്സപ്പെട്ടത്.




