കണ്ണൂർ: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകൾ കൂടുതൽ കൊഴുപ്പിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഇത്രയും ദിവസം രമേശ് ചെന്നിത്തലയെ അനുകൂലിച്ചിരുന്ന സുധാകരൻ ഒറ്റയടിക്ക് മലക്കം മറിഞ്ഞിരിക്കുകയാണ്. കേരള രാഷ്ട്രീയത്തിന് കെ.സി. വേണുഗോപാലിന്റെ നേതൃത്വം അനിവാര്യമാണെന്ന് സുധാകരൻ കുറിച്ചു. കെ. കരുണാകരനും ഉമ്മൻ ചാണ്ടിയും എ.കെ. ആന്റണിയും അടക്കമുള്ള മഹാനേതാക്കളുടെ പാത പിന്തുടരാൻ കെ.സിക്ക് കഴിയുമെന്നാണ് സുധാകരൻ പറയുന്നത്.
സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച പഴയകാല മഹാനേതാക്കളുടെ പാത പിന്തുടർന്ന് കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ.സിക്ക് കഴിയും എന്ന ആത്മവിശ്വാസം പ്രവർത്തകർക്കിടയിലുണ്ട്. തിരഞ്ഞെടുപ്പിൽ പ്രവർത്തകരെ ഉണർത്താനും സ്ഥാനാർത്ഥികൾക്ക് ആത്മവിശ്വാസം നൽകാനും കെ.സിക്ക് സാധിച്ചു. ഇത് അദ്ദേഹത്തിന്റെ സംഘടനാ മികവിന്റെ തെളിവാണ്. ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരുമ്പോഴും കേരളത്തിലെ ഭരണത്തിന് ദിശാബോധം നൽകാൻ കെ.സി വേണുഗോപാൽ ഉയരണമെന്ന് സുധാകരൻ ആഗ്രഹം പ്രകടിപ്പിച്ചു.
ഇതോടെ കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കങ്ങൾ മറ്റൊരു തലത്തിലേക്ക് ഉയരുകയാണ്. സുധാകരനെ ഇതുവരെ കെസി തള്ളിപ്പറഞ്ഞിട്ടുമില്ല എന്നതും ശ്രദ്ധേയം.




