കൊച്ചി: എറണാകുളം പാർക്ക് സെൻട്രലിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുക ലക്ഷ്യമാക്കി “അഗ്രി നെക്സ്റ്റ് സ്റ്റാർട്ടപ്പ് പ്രശ്നനിർണയ ശില്പശാല” സംഘടിപ്പിച്ചു. ലോകബാങ്കിന്റെ സഹായത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയുടെ ഭാഗമായാണ് ശില്പശാല നടന്നത്.
കർഷകർ, ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ പ്രതിനിധികൾ, ഗവേഷകർ, സംരംഭകർ, സ്റ്റാർട്ടപ്പ് ഉടമകൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ഒരുമിച്ച് പങ്കെടുത്ത പരിപാടിയിൽ കൃഷിയിടങ്ങളിൽ നേരിടുന്ന യഥാർത്ഥ വെല്ലുവിളികൾ വിശദമായി ചർച്ചയായി. ഈ പ്രശ്നങ്ങളെ ഏകീകൃത ഡിജിറ്റൽ ഡാറ്റാബേസിൽ ശേഖരിച്ച്, സ്റ്റാർട്ടപ്പുകളുടെ സഹായത്തോടെ സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.
വന്യജീവി ആക്രമണം, വിളകളുടെ സംഭരണം–വിപണനം, കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർധനം, റബ്ബർ, പൈനാപ്പിൾ, ജാതി പോലുള്ള കൃഷികളിലെ വെല്ലുവിളികൾ, തൊഴിലാളി ക്ഷാമം, കാലാവസ്ഥാ വ്യതിയാനം, കീട–രോഗ നിയന്ത്രണം തുടങ്ങിയ വിഷയങ്ങൾ കർഷക പ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചു. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ അനുയോജ്യമായ സ്റ്റാർട്ടപ്പ് ആശയങ്ങൾ വികസിപ്പിക്കാനും അവയ്ക്ക് കേര പദ്ധതിയിലൂടെയും കേരള സ്റ്റാർട്ടപ്പ് മിഷനിലൂടെയും ഫണ്ടിംഗ് ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. സംസ്ഥാനത്ത് ഇതുവരെ നടത്തിയ അഞ്ചാമത്തെ ശില്പശാലയാണിത്.
ചടങ്ങിൽ കേര തൃശൂർ റീജ്യണൽ പ്രോജക്ട് ഡയറക്ടർ ഉണ്ണിരാജ പി അധ്യക്ഷനായി. കേര എസ്.പി.എം.യു പ്രൊക്യൂർമെന്റ് ഓഫീസർ സുരേഷ് സി തമ്പി പദ്ധതി വിശദീകരിച്ചു. കൃഷിവകുപ്പ്, കേരള കാർഷിക സർവകലാശാല, കേരള സ്റ്റാർട്ടപ്പ് മിഷൻ, വി.എഫ്.പി.സി.കെ എന്നിവയുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. കേര പ്രോജക്ട് ടെക്നിക്കൽ സ്പെഷ്യലിസ്റ്റ് ശ്രീബാല അജിത്ത് സ്വാഗതവും ഡെപ്യൂട്ടി റീജ്യണൽ പ്രോജക്ട് ഡയറക്ടർ ജോൺ ജോസഫ് തേറാട്ടിൽ നന്ദിയും അറിയിച്ചു.




