തിരുവനന്തപുരം: കോൺഗ്രസിനുള്ളിലും സോഷ്യൽ മീഡിയയിലും മാത്രം ഒതുങ്ങി നിന്നിരുന്ന മുഖ്യമന്ത്രിപോര് ഫല പ്രഖ്യാപനത്തിന് പിന്നാലെ, തെരുവിലേക്കും ആളിപ്പടരുന്ന കാഴ്ച്ചയാണ് കേരളം കണ്ടത്. ചേരിതിരിഞ്ഞു അണികൾ നേതാക്കന്മാർക്കായി പോര് ശക്തമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പദവിയില്‍ വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് നശിപ്പിച്ചതില്‍ കെപിസിസി നേതൃത്വത്തിന് കടുത്ത അതൃപ്തിയായിരിക്കുകയാണ്. സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് കൈമാറി.
കേരളം ആരാധിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ചിത്രം നശിപ്പിച്ചത് വേദനാജനകമെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. പ്രകടനങ്ങളും ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചതും അച്ചടക്കലംഘനമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് കെപിസിസി നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടാണ് കൈമാറിയിരിക്കുന്നത്.






