നൂറ് സീറ്റിന് മുകളിൽ നേടി വിജയിച്ചിട്ടും കേരളത്തിലെ കോൺഗ്രസ് പാർട്ടി കടന്നുപോകുന്നത് സമീപകാലം കണ്ട സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ്. മൂന്ന് പക്ഷമായി മാറിയ പാർട്ടിയിൽ നിന്ന് ഒരാളെ മുഖ്യമന്ത്രിയായി തീരുമാനിക്കാനാവാതെ കുഴങ്ങുകയാണ് കെപിസിസിയും ഹൈക്കമാൻഡുമെല്ലാം. എംഎൽഎമാരുടെ പിന്തുണയിൽ കെസി വേണുഗോപാലും സീനിയോരിറ്റിയിൽ രമേശ് ചെന്നിത്തലയും റേസിൽ മുൻപന്തിയിൽ നിൽക്കുമ്പോൾ പടിക്കൽ കലമുടയ്ക്കുന്ന പോലെയാണ് വിഡി സതീശന്റെ നില. അതിനാൽ തന്നെ ഏറ്റവും അക്രമാസക്തമായ രീതിയിൽ രംഗത്തെത്തുന്നതും സതീശൻ പക്ഷമാണ്. ഇനി മുഖ്യമന്ത്രി ആരുമായിക്കൊള്ളട്ടെ, അത് വിഡി സതീശൻ തന്നേയുമായിക്കൊള്ളട്ടെ, കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത് കോൺഗ്രസിൽ കണ്ടുപരിചയമില്ലാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണ്.
സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളും പ്രകടനങ്ങളുമായി പ്രവർത്തകർ തെരുവിലേക്കിറങ്ങുന്നു. അതിൽ തിരുവനന്തപുരത്ത് നടന്ന പ്രകടനത്തിനിടെ ഉമ്മൻ ചാണ്ടിയുടെ അടക്കം ചിത്രമുള്ള ഫ്ളക്സ് ബോർഡുകൾ വലിച്ചു കീറുന്ന കാഴ്ച്ചകളും നാം കണ്ടു. പിന്നാലെ രാത്രിയിൽ ചർച്ചകൾക്കായി ഡൽഹിയിലെത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ അടക്കം കൂവലുകളും പ്രതിഷേധങ്ങളുമായി ഒരുകൂട്ടം യുവാക്കൾ പ്രത്യക്ഷപ്പെടുന്നു… ഇതോടെ കാര്യങ്ങൾ പിടിവിട്ടു പോകാൻ തുടങ്ങി. കനത്ത വിമർശനങ്ങളാണ് പാർട്ടിക്കുള്ളിൽ നിന്ന് പോലും വരുന്നത്.
ഉമ്മൻ ചാണ്ടിയുടെ ഫ്ളക്സ് വലിച്ചു കീറാൻ കോൺഗ്രസുകാർക്ക് കഴിയില്ലെന്നും അത് ചെയ്തിരിക്കുന്നത് നുഴഞ്ഞുകയറിയവരാണെന്നും മകൻ ചാണ്ടി ഉമ്മൻ പറയുമ്പോൾ ഒരുപാട് ചോദ്യങ്ങൾക്ക് പാർട്ടിയും വിഡി സതീശനും ഉത്തരം പറയേണ്ടി വരും. ആരാണ് ചാണ്ടി ഉമ്മൻ പറയാതെ പറഞ്ഞ ആ നുഴഞ്ഞുകയറ്റക്കാർ? നേരത്തേ തന്നെ വിഡി സതീശനെതിരെ നിലനിൽക്കുന്ന അവിശുദ്ധ ബന്ധങ്ങളും വർഗീയ ശക്തികളുമായുള്ള ഡീലുകളും ഇതോടെ വീണ്ടും ചർച്ചയാകുകയാണ്.
ചാണ്ടി ഉമ്മൻ ആരുടേയും പേരെടുത്ത് പറയാതെ പറയുമ്പോൾ ഇതെല്ലാം കണ്ട് മനംമടുത്ത മറ്റ് നേതാക്കൾ കുറച്ചുകൂടി കടന്ന് പറഞ്ഞുകൊണ്ട് തന്നെ രംഗത്ത് വരുന്നുണ്ട്. അഭിപ്രായം പറയാം, പക്ഷേ തെരുവിലിറങ്ങരുതെന്ന് മുസ്ലീം ലീഗിന്റെ പേരെടുത്ത് പറഞ്ഞാണ് രാജ്മോഹൻ ഉണ്ണിത്താൻ വിയോജിപ്പ് പ്രകടിപ്പിച്ചത്. പ്രകടനങ്ങളിൽ പങ്കെടുത്തവരിൽ നല്ലൊരു ശതമാനവും ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് പശ്ചാത്തലമുള്ളവരാണെന്ന തരത്തിൽ റിപ്പോർട്ടുകൾ നേരത്തേയും വന്നിട്ടുള്ളതാണ്. ലീഗിന്റെ പിന്തുണ വിഡി സതീശന് ആണെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ടെന്നിരിക്കെ, ഈ നടക്കുന്ന കാട്ടിക്കൂട്ടലുകൾക്കും അക്രമ നാടകങ്ങൾക്കും ഒരു സ്പോൺസേഡ് പരിപാടിയുടെ സ്വഭാവവും കോർഡിനേഷനും സംശയിച്ചാൽ തെറ്റുപറയാനില്ല. വിഡി സതീശന്റെ പിആർ സ്റ്റണ്ടുകൾ പ്രതിരോധത്തിലാക്കുന്നത് യഥാർത്ഥത്തിൽ കോൺഗ്രസിനെ തന്നെയാണ്. ഇത്തവണ, പ്രതിപക്ഷത്തിരിക്കുന്ന ഇടതിന് കാര്യങ്ങൾ എളുപ്പമായിരിക്കും. ഭരണപക്ഷത്തിന് തലവേദന നൽകാൻ ആവശ്യത്തിന് ആളുകൾ സ്വന്തം പക്ഷത്ത് തന്നെയിരിക്കെ, ഇനിയുമേറേ രാഷ്ട്രീയ നാടകങ്ങൾക്ക് വരുന്ന 5 വർഷം നമ്മൾ സാക്ഷിയാകുമെന്ന് ഉറപ്പാണ്.
സണ്ണി ജോസഫിനെതിരെ ഉണ്ടായ പ്രതിഷേധം നടത്തിയത് എൻ.എസ്.യു (ഐ) അല്ലെന്ന് സംഘടനയുടെ ദേശിയ അധ്യക്ഷൻ വിനോദ് ജാഖർ വ്യക്തമാക്കിയിട്ടുണ്ട്. ജെൻ സിയുടെയും, എൻ.എസ്.യു (ഐ)യുടെയും പേരിൽ പ്രതിഷേധ സമരം നടത്തിയത് മുസ്ലിം ലീഗും എം.എസ്.എഫും ആണെന്നും അദ്ദേഹം ആരോപിക്കുന്നു. ഒപ്പം കുറച്ച് ഗുരുതരമായ ആരോപണങ്ങളും. രാത്രി പ്രതിഷേധത്തിന് കേരള ഹൗസിൽ എത്തിയവർക്ക് യൂബറിന്റെ തുകയും ഭക്ഷണവും വാങ്ങിനൽകിയത് ഒരു എംപി ആണെന്ന സംശയവും നേതൃത്വത്തിന് ഉണ്ട്.
കൃത്യമായ ആസൂത്രണത്തോടെ, മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങളാണ് കേരള ഹൗസിൽ അരങ്ങേറിയത് എന്നാണ് എൻ.എസ്.യു നേതൃത്വം പറയുന്നത്. കോൺഗ്രസ് നേതാക്കൾക്ക് നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് ചിലർ എൻ.എസ്.യു പ്രവർത്തകരെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചിലർ അതിൽ പങ്കെടുക്കുകയും ചെയ്തു. പക്ഷേ, സ്വീകരണം ആസൂത്രണം ചെയ്തവർക്ക് മറ്റ് ചില ലക്ഷ്യങ്ങൾകൂടി ഉണ്ടായിരുന്നു എന്നാണ് എൻഎസ്യു വിശ്വസിക്കുന്നത്. ദീർഘനേരം കേരള ഹൗസിന് സമീപത്തുണ്ടായിരുന്നവർക്ക് ഭക്ഷണം ഏർപ്പാടാക്കിയത് ആരാണ്? ഭക്ഷണത്തിനും യാത്രയ്ക്കുമുള്ള പണം നൽകിയ ആ പാർലമെന്റ് അംഗം ആരാണ്? അയാളും ലീഗും തമ്മിലുള്ള ബന്ധം എന്താണ്? ഇതിനെല്ലാം വരും ദിവസങ്ങളിൽ ഉത്തരം ലഭിക്കണം.
മുസ്ലിം ലീഗിനോ എംഎസ്എഫിനോ കെഎംസിസിക്കോ ഇതിൽ പങ്കില്ലെന്ന് ഡൽഹി കെഎംസിസി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം പറയുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ വേറേയുമുണ്ട്. കേരളത്തിലും ഡൽഹിയിലും എങ്ങനെ ഒരേ സമയം ഒരേ രീതിയിൽ ആളുകൾ തെരുവിലിറങ്ങിയെന്നതും ഇതിന് പിന്നിൽ മറ്റെന്തെങ്കിലും രഹസ്യ ഡീലുകളോ അജണ്ടകളോ ഉണ്ടോയെന്നും വരും ദിവസങ്ങളിൽ കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കാൻ പോകുന്ന ചോദ്യങ്ങളായിരിക്കും. തൽക്കാലം മുഖ്യമന്ത്രിയാരെന്നത് അറിയുന്ന വരെ നമുക്ക് കാത്തിരിക്കാം.





