ഒടുവിൽ പത്ത് ദിവസത്തോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമായിരിക്കുന്നു. പട നയിച്ചവൻ തന്നെ നാട് നയിക്കാൻ വരുന്നു. കേരള സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വടശ്ശേരി ദാമോദരൻ സതീശനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ താൽക്കാലിക വിരാമമായിരിക്കുന്നത് ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കാണ്. പക്ഷെ മറ്റൊരു യുദ്ധത്തിന്റെ തുടക്കം കൂടിയാണ് ഇവിടെ കുറിക്കപ്പെടുന്നത്.
കേരള നിയമസഭയുടെ ചരിത്രത്തിൽ വാക്കുകൾ കൊണ്ട് വിസ്മയം തീർത്തവർ ഏറെയുണ്ട്. അവർക്കിടയിലേക്ക്, കൃത്യമായ കണക്കുകൾ നിരത്തി എതിർപക്ഷത്തിന്റെ വാദങ്ങളെ നിഷ്പ്രഭമാക്കുന്ന ‘ഡാറ്റാ അധിഷ്ഠിത’ രാഷ്ട്രീയത്തിന്റെ വക്താവായി കടന്നുവന്ന ഒരാളാണ് വി.ഡി. സതീശൻ. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ കനത്ത തിരിച്ചടിക്കിടയിലും കോൺഗ്രസിനെ പുതുജീവനിലേക്ക് നയിക്കാൻ ഹൈക്കമാൻഡ് കണ്ടെത്തിയ ആ ‘തലമുറ മാറ്റത്തിന്റെ’ പ്രതിരൂപം ഇന്ന് കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് ചുവടുവെക്കുമ്പോൾ, അത് ഓരോ രാഷ്ട്രീയ പ്രവർത്തകനും പാഠപുസ്തകമാവുകയാണ്. പാർട്ടിപ്രവർത്തകനിൽ നിന്ന് സംഘാടകനിലേക്കും അവിടെനിന്ന് നേതാവിലേക്കും നടത്തിയ പരകായപ്രവേശനത്തിന് വർഷങ്ങളുടെ കഠിനാധ്വാനവും കൃത്യമായ ഗൃഹപാഠവും വളമേകി.
വിഎസ് അച്യുതാനന്ദനെ പോലെയും മറ്റും ക്രിയാത്മക വിമർശനങ്ങൾ ഉയർത്തിയും ബഹുജന പ്രക്ഷോഭങ്ങൾ നയിച്ചും സർക്കാരിനെ സമ്മർദത്തിലാക്കുന്ന സമരവീര്യം സതീശനിൽ കണ്ടിരുന്നില്ലെങ്കിലും കഴിഞ്ഞ അഞ്ച് വർഷം പിണറായി സർക്കാരിനെ ഒരു പുകമറയിൽ നിർത്താനും ഒന്നിന് പുറകെ ഒന്നായി വിവാദങ്ങൾ കത്തിച്ചു വിടാനും സംസ്ഥാനത്തെങ്ങും ഒരു പിണറായി വിരുദ്ധ വികാരം പടർത്താനും കഴിഞ്ഞു എന്നിടത്താണ് വിഡി സതീശന്റെ വിജയം.
1964 മേയ് 31-ന് എറണാകുളം ജില്ലയിലെ നെട്ടൂരിൽ കെ.ദാമോദര മേനോന്റെയും വി.വിലാസിനി അമ്മയുടെയും മകനായി ജനനം. പനങ്ങാട് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തേവര എസ്.എച്ച് കോളേജിലും തിരുവനന്തപുരം ലോ അക്കാദമിയിലുമായി നടന്ന ഉന്നത വിദ്യാഭ്യാസ കാലത്ത് സംഘാടക മികവിലേക്ക് ഉയർന്നു. എം.ജി യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതോടെ സതീശൻ എന്ന പ്രാസംഗികൻ ശ്രദ്ധിക്കപ്പെട്ടു. എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചു. കരുണാകരന് തുടങ്ങിയിട്ട, പിന്നീട് ചെന്നിത്തല ഏറ്റെടുത്ത ഐ ഗ്രൂപ്പ് പ്രതിനിധി എന്ന നില നിര്ണായകമായിരുന്നു സതീശന്റെ വളര്ച്ചയില്.
1996ൽ പറവൂരിലായിരുന്നു സതീശന്റെ കന്നിപ്പോരാട്ടം. എന്നാൽ സി.പി.ഐയിലെ പി. രാജുവിനോട് നേരിയ വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെട്ടു. പക്ഷെ തളർന്നില്ല. അഞ്ച് വർഷം മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ച സതീശൻ 2001-ൽ പി. രാജുവിനെ തന്നെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലേക്ക്. അവിടുന്നങ്ങോട്ട് ഇന്നുവരെ പറവൂരിന് മറ്റൊരു എംഎൽഎ ഉണ്ടായിട്ടില്ല. വി.ഡി സതീശനും പിന്നീട് മറ്റൊരു മണ്ഡലം തേടിപ്പോയില്ല. 2001, 2006, 2011, 2016, 2021, ഇപ്പോൾ 2026… കാൽനൂറ്റാണ്ടിന്റെ ചരിത്രം. 2012ൽ മികച്ച നിമസഭാസാമാജികനായും തിരഞ്ഞടുക്കപ്പെട്ടു. വിഷയങ്ങൾ ആഴത്തിൽ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവാണ് സതീശനെ നിയമസഭയിൽ വേറിട്ട് നിർത്തിയത്. ഡേറ്റാ മൈനിങ് മുതൽ സാമ്പത്തിക നയങ്ങൾ വരെ അദ്ദേഹം കൈകാര്യം ചെയ്തു.
പ്രതിപക്ഷ നേതാവ് എന്ന തിരുത്തൽ ശക്തി
രമേശ് ചെന്നിത്തലയ്ക്ക് ശേഷം പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള വിഡി സതീശന്റെ കടന്നുവരവ് അപ്രതീക്ഷിതമായിരുന്നു. ഗ്രൂപ്പ് സമവാക്യങ്ങൾ മറികടന്ന് ‘ഗ്രൂപ്പുകൾക്ക് അതീതനായ നേതാവ്’ എന്ന ഇമേജ് ഉയർത്തിപ്പിടിച്ച് ഏറ്റെടുത്ത നേതൃപദവി. ഒപ്പം സാമുദായിക ശക്തികളെ പരസ്യമായി തള്ളിപ്പറയാനുള്ള ആർജവവും സതീശനിലുള്ള പ്രതീക്ഷ പ്രവർത്തകരിൽ കൂട്ടി. ‘പ്രതിപക്ഷം എന്നാൽ വെറുമൊരു എതിർപ്പല്ല, അത് സർക്കാരിനെ തിരുത്താനുള്ള ശക്തിയാണ്’ എന്നായിരുന്നു പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം നിയമസഭയിൽ നടത്തിയ സതീശന്റെ ആദ്യ പ്രസംഗം. പിണറായി വിജയൻ എന്ന ‘കരുത്തനായ’ മുഖ്യമന്ത്രിയെ നേരിടാൻ പിണറായിയോളം പോന്ന ഒരാളെ തന്നെ കോൺഗ്രസിന് വേണമായിരുന്നു. കൃത്യമായ കണക്കുകൾ, ശാസ്ത്രീയത, നിയമവശങ്ങൾ, ചരിത്രം തുടങ്ങി ഡാറ്റ അധിഷ്ടിത വിമർശനങ്ങളിലൂടെ രണ്ടാം പിണറായി സർക്കാരിനെ ഓരോ ദിവസവും അദ്ദേഹം മുൾമുനയിൽ നിർത്തി. അതോടെ സോഷ്യൽ മീഡിയയിലും യുവാക്കൾക്കിടയിലും വലിയ സ്വീകാര്യത ലഭിച്ചു.
പ്രതിപക്ഷനേതാവായി സ്ഥാനമേറ്റ വി.ഡി സതീശനല്ല ഇന്നത്തെ വി.ഡി സതീശൻ. തകർച്ചയിലേക്ക് വീഴുമായിരുന്ന ഒരു പാർട്ടിയെ ആണ് കരളുറപ്പോടെ അയാൾ മുന്നിൽനിന്ന് നയിച്ചത്. അയാൾ കോൺഗ്രസിന് പുതുജീവൻനൽകി. ഗ്രൂപ്പുകളിയും മുന്നണി നാടകങ്ങൾക്കും, സാമുദായിക സംഘാടനകൾക്കും മുന്നിൽ മുട്ടുമടക്കില്ലെന്ന ഉറച്ചവാക്കുകൾ അയാളെ നിലപാടുകളുടെ രാജാവാക്കി. നയിക്കാൻ മുന്നിലൊരാളുണ്ടെന്ന തോന്നൽ പാർട്ടിക്കും ഊർജമേകി. ഈ തെരഞ്ഞെടുപ്പിൽ തോൽവിയെങ്കിൽ ഇനി സജീവരാഷ്ട്രീയത്തിലേക്കില്ലെന്ന കടുത്ത നിലപാടും ജനങ്ങൾക്കിടയിൽ വിസ്മയകരമാം വിധമുള്ള പോപ്പുലാരിറ്റി നൽകി. നൂറ് സീറ്റെന്ന സതീശന്റെ പ്രഖ്യാപനം യുഡിഎഫ് ഏറ്റെടുത്തു. ഇത്രയും ക്ലിനിക്കൽ കൃത്യതയുള്ള ഒരു അവകാശവാദം ഈയടുത്ത കാലത്ത് രാഷ്ട്രീയ കേരളം കണ്ടുകാണില്ല.
കെ-റെയിൽ വിരുദ്ധ സമരം, ലൈഫ് മിഷൻ അഴിമതി, എഐ ക്യാമറ വിവാദം, കെ-ഫോൺ… സർക്കാരിനെതിരെ ഉയർന്ന ഓരോ വിഷയവും സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി കൃത്യമായി ഉപയോഗിച്ചു. കേവലം രാഷ്ട്രീയ പ്രസംഗത്തിനപ്പുറം, ആധികാരികമായ രേഖകളും കണക്കുകളും സഭയിൽ നിരത്തിയുള്ള പ്രതിരോധത്തിന് മുന്നിൽ ഭരണപക്ഷം പലപ്പോഴും വിയർത്തു.
ഇനി വിഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. മുന്നിലുള്ളത് വലിയ ഉത്തരവാദിത്വങ്ങളും വെല്ലുവിളികളുമാണ്. വാക്കുകൾ കൊണ്ട് കോട്ട കെട്ടുന്ന രാഷ്ട്രീയ ശൈലിയിൽ നിന്ന്, വസ്തുതകളും കണക്കുകളും കൊണ്ട് കോട്ട തകർക്കുന്ന പുതിയൊരു ഭരണശൈലിയിലേക്കാണ് വി.ഡി. സതീശൻ കേരളത്തെ നയിക്കാൻ ഒരുങ്ങുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഉയർത്തിയ ഓരോ ചോദ്യവും ഓരോ തിരുത്തലുകളും ഇനി സ്വന്തം ഭരണത്തിൽ അദ്ദേഹത്തിന് തന്നെ മാനദണ്ഡമാകും. ഭരണത്തുടർച്ചയുടെ പത്തു വർഷങ്ങൾക്കു ശേഷം യു.ഡി.എഫിനെ അധികാരത്തിൽ തിരിച്ചെത്തിക്കുക എന്ന ചരിത്രദൗത്യം സതീശൻ പൂർത്തിയാക്കി കഴിഞ്ഞു.
ഇനി കാത്തിരിക്കുന്നത് ‘നവകേരള’ നിർമ്മിതിയല്ല, മറിച്ച് സുതാര്യവും ജനപക്ഷത്തു നിൽക്കുന്നതുമായ ഒരു ഭരണക്രമമാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി പാർട്ടിയെ വളർത്തിയെടുത്ത ആത്മവിശ്വാസം ഭരണത്തിലും പ്രതിഫലിക്കുമെന്നാണ് അണികളുടെയും പൊതുജനത്തിന്റെയും പ്രതീക്ഷ. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും വികസന മുരടിപ്പും മറികടക്കാൻ സതീശന്റെ ‘ഡാറ്റാ അധിഷ്ഠിത’ ബുദ്ധിക്ക് കഴിയുമോ എന്നതാണ് വരുംകാലം ഉറ്റുനോക്കുന്നത്. നയിക്കാൻ സാരഥി എത്തുമ്പോൾ കേരളം പ്രതീക്ഷിക്കുന്നത് വാഗ്ദാനങ്ങളുടെ പെരുമഴയല്ല, മറിച്ച് പ്രായോഗികമായ മാറ്റങ്ങളാണ്. വി.ഡി. സതീശൻ എന്ന മുഖ്യമന്ത്രിയുടെ കരുത്ത് ഇനി അറിയാനിരിക്കുന്നതേയുള്ളൂ.






