തിരുവനന്തപുരം: മൂന്ന് സീറ്റുകള്‍ നേടി കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്നതിന് പിന്നാലെ, വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ 13 ഇന രാഷ്ട്രീയ അജണ്ട പ്രഖ്യാപിച്ച് ബിജെപി. ഹിന്ദു പിന്നാക്ക സമുദായങ്ങളെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കുന്നതിനൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള സമീപനത്തില്‍ തന്ത്രപരമായ മാറ്റങ്ങള്‍ വരുത്താനും ശനിയാഴ്ച ചേര്‍ന്ന ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ഒബിസി സംവരണം യാതൊരു കാരണവശാലും മതപരമായ സംവരണമാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് ബിജെപി വ്യക്തമാക്കുന്നു. ഒബിസി സംവരണത്തിന്റെ മറവില്‍ ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നുമാണ് കാരണം പറയുന്നത്. സംവരണ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും ഒബിസി, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കും (EWS) മാത്രമായി പരിമിതപ്പെടുത്തണം. മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സംസ്ഥാന സര്‍ക്കാര്‍ പ്രീണന രാഷ്ട്രീയം തുടര്‍ന്നാല്‍ അതിനെ ശക്തമായി ചെറുക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.






