കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ആർഎസ്എസ്-ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. കോടിയേരി മാടപ്പീടിക മന്പള്ളിക്കുന്നിലെ കാട്ടിലെ പറമ്പത്ത് കെ.പി. ശ്രീജേഷ് (48) നെയാണ് പള്ളൂർ പൊലീസ് പിടികൂടിയത്. പ്രതിയെ ചൊവ്വാഴ്ച പുതുച്ചേരിയിലെ പ്രത്യേക പോക്‌സോ കോടതിയിൽ ഹാജരാക്കും.
പള്ളൂർ പൂശാരിക്കോവിലിന് സമീപത്തെ ഫർണിച്ചർ കടയിലെ മുറിയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗ്ലാസ് പെയിന്റിങ് കലാകാരിയായ പെൺകുട്ടിക്ക് മരത്തിന്റെ ഫ്രെയിം തയ്യാറാക്കി നൽകാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ കടയിലെത്തിച്ചത്. കുട്ടിയുടെ വീട്ടിൽ രണ്ടാഴ്ചത്തോളം ഫർണിച്ചർ ജോലി ചെയ്തിരുന്ന പരിചയമാണ് ഇയാൾ ദുരുപയോഗം ചെയ്തത്.
കടയിൽ എത്തിയ ഉടൻ പ്രതി വാതിൽ അടച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി കടയിൽ കയറുന്നത് കണ്ട ബന്ധുവിന് ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി മടങ്ങിയെത്താത്തതിനെ തുടർന്ന് സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ആദ്യം കുട്ടി അവിടെയില്ലെന്ന് പറഞ്ഞ് തിരിച്ചയക്കാൻ ശ്രമിച്ച പ്രതി, പിന്നീട് കടയ്ക്കുള്ളിലെ മുറിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പള്ളൂർ പൊലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. തലശേരി ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയും നടത്തി. തിങ്കളാഴ്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മാഹി കോടതിയിൽ നിന്ന് ട്രാൻസിറ്റ് പെർമിറ്റ് വാങ്ങിയാണ് പുതുച്ചേരി സ്പെഷ്യൽ പോക്‌സോ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയത്. ചൈൽഡ് ലൈനും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാഹി പൊലീസ് സിഐ പി.എ. അനിൽകുമാറിന്റെയും പള്ളൂർ എസ്‌ഐ ജി. സന്തോഷിന്റെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്.






