തിരുവനന്തപുരം: എത്രയൊക്കെ പുരോഗമിച്ചെന്ന് പറഞ്ഞാലും മലയാളികള്‍ ഇപ്പോഴും അന്ധവിശ്വാസങ്ങളുടെ പുറകെയാണെന്ന് പറയാം. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്ന എല്ലാക്കാലത്തും എപ്പോഴും ഉറ്റനോക്കുന്നത് ‘അന്ധവിശ്വാസങ്ങളുടെ’ മന്ത്രിമന്ദിരമായ മന്‍മോഹന്‍ ബംഗ്ലാവില്‍ ഇക്കുറി ധൈര്യസമേതം താമസമാക്കുന്നത് വി ഡി സതീശന്‍ മന്ത്രിസഭയിലെ ഇളംമുറക്കാരന്‍ ഒ ജെ ജനീഷ്. ഇവിടെ താമസിക്കുന്നത് അശുഭമാണെന്ന ഒരു വിശ്വാസം കേരളത്തിലെ നേതാക്കള്‍ക്കിടയിലുണ്ട്. എന്നാല്‍ അത് തെറ്റാണെന്ന് തെളിയിച്ച ചരിത്രവുമുണ്ട്.
പൊതുവെ യുഡിഎഫ് നേതാക്കള്‍ ആരും തിരഞ്ഞെടുക്കാത്ത വസിതിയേല്ക്കാണ് ജനീഷ് കടന്നു ചെല്ലുന്നത്. ഇവിടെ താമസിക്കുന്നവര്‍ പിന്നീട് നിയമസഭ കാണില്ലെന്ന വിശ്വാസമാണ് കാരണം. എന്നാല്‍ ഈ വിശ്വാസം തെറ്റിയിട്ടുണ്ട്. തിരുവിതാംകൂര്‍ രാജാവായ ശ്രീമൂലം തിരുനാള്‍ പണികഴിപ്പിച്ച ഈ ബംഗ്ലാവിന് ചരിത്രത്തിലും വലിയ സ്ഥാനമാണുള്ളത്. ജനാധിപത്യ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ കെട്ടിടം സര്‍ക്കാര്‍ ഏറ്റെടുത്തു. 2006 ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് മന്‍മോഹന്‍ ബംഗ്ലാവ് വിവാദങ്ങളില്‍ ഇടം പിടിച്ചത്. ആദ്യം താമസിച്ചത് ആഭ്യന്തര-ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനായിരുന്നു. കെട്ടിടത്തിന്റെ വാസ്തുദോഷം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ലക്ഷങ്ങളുടെ മോടിപിടിപ്പിക്കല്‍ നടത്തിയോടെ വാര്‍ത്തകളില്‍ നിറഞ്ഞു. ഒടുവില്‍ ഈ മന്ത്രിമന്ദിരം കോടിയേരി ഉപേക്ഷിച്ചു.
പിന്നാലെ എത്തിയ പൊതുമരാമത്ത് മന്ത്രി ടി യു കുരുവിളക്ക് ഭൂമിയിടപാട് ക്രമക്കേടില്‍ രാജിവെക്കേണ്ടി വന്നു. പകരം വന്ന മോന്‍സ് ജോസഫ് കുറച്ച് കാലം താമസിച്ചു. എന്നാല്‍, വിമാനയാത്ര വിവാദത്തില്‍ നിന്ന് കുറ്റമുക്തി നേടി പി ജെ ജോസഫ് തിരിച്ചെത്തിയപ്പോള്‍ മോന്‍സ് മന്ത്രി സ്ഥാനവും വസതിയും ഒഴിഞ്ഞു. കുറച്ചുകാലം മന്‍മോഹന്‍ ബംഗ്ലാവ് ഔദ്യോഗിക വസതിയാക്കിയെങ്കിലും മുന്നണി വിട്ടതോടെ പി ജെ ജോസഫ് ബംഗ്ലാവ് ഒഴിഞ്ഞു.
2011 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആര്യാടന്‍ മുഹമ്മദാണ് ബംഗ്ലാവ് ഏറ്റെടുത്തത്. അഞ്ച് വര്‍ഷം തികച്ച ശേഷമായിരുന്നു പടിയിറക്കം. 2016ല്‍ മന്ത്രിമന്ദിരത്തിലെത്തിയ തോമസ് ഐസക്കും അഞ്ച് വര്‍ഷം തികച്ചു. മുമ്പ് ഇറങ്ങിപ്പോയ പി ജെ ജോസഫാകട്ടെ 2011 മുതല്‍ മൂന്ന് തവണ നിയമസഭയിലേക്ക് എത്തുകയും ചെയ്തു. മോന്‍സ് ജോസഫും അതേ. ഏറ്റവും ഒടുവില്‍ 2021ല്‍ മന്ത്രിയായ ആന്റണി രാജുവാണ് മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ചത്. അദ്ദേഹത്തിനും പിന്നീട് എന്ത് സംഭവിച്ചു എന്ന് കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചതാണ്. ആ വിധി തന്നെയാണോ ജനീഷിനേയും കാത്തിരിക്കുന്നത് എന്നതാണ് ഇനിയുള്ള ചോദ്യം.






