കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നടപടികൾ കേരള ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണെന്ന് ഹർജിക്കാരനായ ഷോൺ ജോർജ് പറഞ്ഞു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ മൂന്നാം പ്രതിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇഡി അന്വേഷണത്തിനെതിരെ ഉണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി ഇന്നലെ നീക്കിയതോടെയാണ് ഇപ്പോഴത്തെ നടപടികൾ ആരംഭിച്ചതെന്ന് ഷോൺ ജോർജ് വ്യക്തമാക്കി. നേരത്തെ ഡൽഹി ഹൈക്കോടതിയിലും കേരള ഹൈക്കോടതിയിലും നിന്ന് സ്റ്റേ വാങ്ങി അന്വേഷണം തടസ്സപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ) അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും, യാതൊരു സേവനവും നൽകാതെ വീണ വിജയന്റെ കമ്പനി പണം കൈപ്പറ്റിയതായാണ് കുറ്റപത്രത്തിൽ പറയുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു.
പണം സ്വീകരിച്ചതിൽ സാമ്പത്തിക ക്രമക്കേടും പിഎംഎൽഎ നിയമപ്രകാരമുള്ള കുറ്റകൃത്യത്തിന്റെയും സാധ്യതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അതിനാലാണ് ഇഡി അന്വേഷണം മുന്നോട്ടുപോകുന്നതെന്നും പറഞ്ഞു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ചിലർ കോടതികളെ സമീപിച്ചിരുന്നെങ്കിലും, കേസ് എടുക്കാൻ കോടതികൾ തയ്യാറായിരുന്നില്ലെന്ന് പറഞ്ഞ ഷോൺ ജോർജ്, ഈ വിഷയത്തിൽ പ്രധാന പ്രതിസ്ഥാനത്ത് ഉള്ളത് വീണ വിജയനാണെന്നും വ്യക്തമാക്കി.
കുറ്റം തെളിഞ്ഞാൽ മാത്രമേ കൂടുതൽ അന്വേഷണം മറ്റ് ഏജൻസികൾക്ക് നടത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു. “മുഖ്യമന്ത്രിയുടെ മകൾ യാതൊരു സേവനവും നൽകാതെ പണം കൈപ്പറ്റിയിട്ടുണ്ട്” എന്ന ഗുരുതര ആരോപണവും ഷോൺ ജോർജ് ഉന്നയിച്ചു.
ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഇഡി ശക്തമായ നടപടികൾ സ്വീകരിക്കുകയാണെന്നും, മുഖ്യമന്ത്രിയാണോ പ്രതിപക്ഷ നേതാവാണോ എന്നത് അന്വേഷണ ഏജൻസികൾക്ക് പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കെതിരെയും ഇഡി നടപടി എടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഷോൺ ജോർജ്, “കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഭയപ്പെടേണ്ട സാഹചര്യം ഉണ്ടാകും” എന്നും പ്രതികരിച്ചു.






