ദോഹ: ഒടുവിൽ 140 കോടി ജനങ്ങളുടെ ആ സ്വപ്നം നിറവേറ്റാൻ ഒരു മലയാളിയെത്തുന്നു. ഫിഫ ലോകകപ്പിനായുള്ള ഖത്തർ ദേശീയ ടീമിൽ ഇടം പിടിച്ച് മലയാളിയായ തഹ്‌സിൻ മുഹമ്മദ്. കോച്ച് ഹുലെൻ ലൊപെറ്റഗ്വി പ്രഖ്യാപിച്ച 26 അംഗ ടീമിലാണ് സ്‌ട്രൈക്കറായ തഹ്‌സിൻ ഇടംപിടിച്ചത്. ഏതെങ്കിലുമൊരു ലോകകപ്പ് ടീമിൽ സ്ഥാനം നേടുന്ന ആദ്യ മലയാളിയായി മാറിയിരിക്കുകയാണ് തഹ്സിൻ. ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈലിന്റെ താരമാണ് ഈ പത്തൊമ്പതുകാരൻ. അണ്ടർ 17, 19 അടക്കം ഖത്തറിന്റെ യൂത്ത് ടീമുകളിലും അംഗമായിരുന്നു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരമായിരുന്ന ജംഷിദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും മകനാണ്. നേരത്തെ യുഎഇയെ തോൽപിച്ച് ഖത്തർ ലോകകപ്പിന് യോഗ്യത നേടുമ്പോൾ തഹ്‌സീൻ ടീമിലുണ്ടായിരുന്നു. ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലാണ്. ഖത്തറിലെ വിഖ്യാത ഫുട്‌ബോൾ പരിശീലന കേന്ദ്രമായ ആസ്പയർ അക്കാദമിയിലൂടെയാണ് താരം കളി പഠിച്ചത്. 2024 ജൂണിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിലൂടെയാണ് ദേശീയ ടീമിൽ അരങ്ങേറിയത്. ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈലിനുവേണ്ടി കളിക്കുന്ന തഹ്‌സിൻ, ഖത്തർ ടോപ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ്.






