ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിനടുത്തും പശ്ചിമേഷ്യൻ മേഖലയിലും ഇറാനും യുഎസും തമ്മിൽ സംഘർഷം തുടരുന്നുവെന്ന് റിപ്പോർട്ട്. യുഎസിന്റെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിനുനേരെ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം (ഐആർജിസി) അവകാശപ്പെട്ടു. എന്നാൽ ഈ ആക്രമണം പൂർണ്ണമായി പ്രതിരോധിച്ചുവെന്നും പരാജയപ്പെടുത്തിയെന്നും യുഎസ് സൈന്യം അറിയിച്ചു.
ഇറാന്റെ ആരോപണപ്രകാരം, ആദ്യം യുഎസ് സേന ഇറാന്റെ ഒരു കപ്പലിനും ടെലികമ്മ്യൂണിക്കേഷൻ ടവറിനുമെതിരെ ആക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് ഇറാൻ നാവികസേന അമേരിക്കൻ-ഇസ്രായേൽ ബന്ധമുള്ള ഒരു കപ്പലിനെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയതെന്നും അവർ പറയുന്നു.
തുടർന്ന് ഖേശ്മ് ദ്വീപിന്റെ തെക്കൻ ഭാഗത്തുള്ള കമ്മ്യൂണിക്കേഷൻസ് ടവറും പിന്നീട് ബഹ്റൈനിലെ യുഎസിന്റെ അഞ്ചാം കപ്പൽപ്പട ആസ്ഥാനവും ലക്ഷ്യമിട്ടതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഈ എല്ലാ ആക്രമണങ്ങളും യുഎസ് സേന തടഞ്ഞുവെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും അമേരിക്ക അറിയിച്ചു.
അതേസമയം, കുവൈറ്റിന് നേരെയും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ആക്രമണത്തിൽ ഏകദേശം 56 പേർക്ക് പരിക്കേറ്റതായും, അതിൽ ആറുപേർ ഗുരുതരാവസ്ഥയിലാണെന്നും പ്രാഥമിക വിവരങ്ങൾ പറയുന്നു.






