കൊച്ചി: അശ്ലീല ആംഗ്യവും കമന്റടിയും ചോദ്യം ചെയ്ത പെൺകുട്ടികളെ ക്രൂരമായി മർദിച്ച സംഭവത്തിലെ മുഖ്യപ്രതി അക്ബർ അലി പി. (29) മുമ്പ് ഹൈടെക് പെൺവാണിഭ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായിരുന്നുവെന്ന് പൊലീസ് രേഖകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂലൈയിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ അസം, പശ്ചിമ ബംഗാൾ സ്വദേശികളായ ആറു യുവതികളെ രക്ഷപ്പെടുത്തി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു.
പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലിയാണ് സംഘത്തിന്റെ തലവനെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മൻസൂർ അലി, ഷെഫീഖ് എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു. എസ്കോർട്ട് സർവീസ് ആപ്പ് വഴിയായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്. ആവശ്യക്കാരിൽ നിന്ന് പണം ഈടാക്കി യുവതികളെ എത്തിക്കുന്ന രീതിയിലായിരുന്നു സംഘത്തിന്റെ പ്രവർത്തനം.
ഇടപ്പള്ളിയിൽ അനാശാസ്യ കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണമാണ് സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്തെ കേന്ദ്രത്തിലേക്ക് പൊലീസിനെ എത്തിച്ചത്. 20,000 രൂപ മാസവാടകയ്ക്ക് എടുത്ത കെട്ടിടത്തിലായിരുന്നു കേന്ദ്രം പ്രവർത്തിച്ചിരുന്നത്. റെയ്ഡിനിടെ ആറു യുവതികളെയും സംഘാംഗങ്ങളെയും പൊലീസ് പിടികൂടിയിരുന്നു.
അതിനിടെ, റെയിൽവേ റിക്രൂട്ട്മെന്റ് കോഴ്സിന് പഠിക്കുന്ന പെൺകുട്ടികളെ ആക്രമിച്ച കേസിൽ അക്ബർ അലി ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അക്ബറുൾപ്പെടെ പ്രധാന പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടി ചികിത്സയിൽ കഴിയുകയാണ്.






