കാസർകോട്: മഞ്ചേശ്വരത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. മഞ്ചേശ്വരം ഹൊസബെട്ടു സ്പൂർത്തി നഗറിൽ താമസിക്കുന്ന ഉമേശൻ (40), കീർത്തേശ്വരത്തെ മനീഷ് (18) എന്നിവരാണ് മരിച്ചത്.
കൂലിപ്പണിക്കാരനായ ഉമേശൻ ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനു സമീപം മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്.
അതേസമയം, കീർത്തേശ്വരത്തെ ദാമോദരൻ-ലീലാവതി ദമ്പതികളുടെ ഏകമകനും ഫാബ്രിക്കേഷൻ തൊഴിലാളിയുമായ മനീഷ് രാത്രി 9.30ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനു സമീപം കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






