കോഴിക്കോട്: നിപയെക്കുറിച്ചുള്ള മുന്‍ പരാമര്‍ശം വീണ്ടും ചര്‍ച്ചയായതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് ആരോഗ്യമന്ത്രിയാണെന്നും പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞത് ഈ സീറ്റിന് ബാധകമല്ലെന്നുമാണ് കെ മുരളീധരന്റെ വിശദീകരണം.
എൽഡിഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചപ്പോൾ എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. വവ്വാല്‍ ആണത്രെ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും നാട് ഭരിച്ചകാലത്ത് വവ്വാല്‍ ഉണ്ടായിരുന്നില്ലേ ഈ നാട്ടില്‍. ഭരിക്കുന്നവന്‍ ശരിയല്ലാത്തതുകൊണ്ടാണ് ഇപ്പോൾ രോഗം പരക്കാന്‍ കാരണം.”എന്നാണ് അന്ന് പറഞ്ഞിരുന്നത്.
കെ മുരളീധരന്റെ ഈ വാക്കുകള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മുന്‍ ആരോഗ്യമന്ത്രിമാരായ വീണാ ജോര്‍ജും കെ കെ ശൈലജയും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്നുണ്ടായ അതെ അഭിപ്രായം തന്നെയാണോ നിലവിലെ ആരോഗ്യമന്ത്രിക്ക് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.




