ന്യൂഡൽഹി: ഒമാൻ തീരത്ത് മുങ്ങിത്താഴാൻ തുടങ്ങിയ കപ്പലിൽ കുടുങ്ങിയ 14 ഇന്ത്യക്കാരെ യുഎസ് നാവികസേനയും ഒരു വാണിജ്യക്കപ്പലും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. എൻജിൻ തകരാറിനെ തുടർന്നാണ് എംഎസ്‌വി വിരാട് 1 എന്ന കപ്പൽ അപകടത്തിൽപ്പെട്ടതെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഒമാനിലെ റാസ് അൽ ഹദ്ദിൽ നിന്ന് ഏകദേശം 80 നോട്ടിക്കൽ മൈൽ കിഴക്കായാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. അപകടവിവരം ആദ്യം ലഭിച്ചത് യുഎസ് നാവികസേനയ്ക്കാണ്. തുടർന്ന് ഇന്ത്യൻ നാവികസേനയെയും വിവരം അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ യുഎസ് നാവികസേനയുടെ പി-8 മാരിടൈം പട്രോൾ വിമാനം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കപ്പലിന് സമീപം ലൈഫ് റാഫ്റ്റ് എത്തിച്ച ശേഷം, കപ്പൽ മുങ്ങിത്തുടങ്ങിയതോടെ ജീവനക്കാർ അതിലേക്ക് മാറി.
ഇതിനിടെ സോഹറിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എംവി ജബൽ അലി 9 എന്ന വാണിജ്യക്കപ്പലിനും യുഎസ് നാവികസേന വിവരം കൈമാറി. തുടർന്ന് കപ്പൽ അപകടസ്ഥലത്തേക്ക് തിരിച്ച് എത്തി ലൈഫ് റാഫ്റ്റിലുണ്ടായിരുന്ന 14 പേരെയും സുരക്ഷിതമായി കയറ്റി.
രക്ഷപ്പെടുത്തിയ എല്ലാവരും ഇന്ത്യക്കാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട എംഎസ്‌വി വിരാട് 1-ലെ മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയതായും ഇന്ത്യൻ എംബസി അറിയിച്ചു.






