ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവകലാശാലകളുടെ വൈസ് ചാൻസിലർമാർ പങ്കെടുത്തതോടെയാണ് പിഎംശ്രീ വിവാദം തൊട്ട് കുറച്ച് ദിവസങ്ങളായി പുകഞ്ഞ് നിന്നിരുന്ന ഈ ചർച്ചകൾ കൂടുതൽ ചൂട് പിടിച്ചത്. കിണഞ്ഞ് ശ്രമിച്ചിട്ടും കേരളം പിടിക്കാൻ പറ്റാത്ത ബിജെപി ഓരോ തവണയും പതിനെട്ടടവും അതിനായി പുറത്തെടുക്കുമെന്നത് പരസ്യമായ രഹസ്യവുമാണ്. അതിന് ഏറ്റവും മികച്ച വഴിയെന്നത് നമ്മുടെ വിദ്യാഭ്യാസ മേഖലയെ ഹൈജാക്ക് ചെയ്യുക എന്നതാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം എന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ വിവാദമല്ല. ഇടത് സർക്കാർ കാലത്ത് ഗവർണറുമായും കേന്ദ്രവുമായി നേരിട്ടും ഏറ്റുമുട്ടിയിട്ടുള്ളത് ഇതേ വിഷയത്തിൽ തന്നെയാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഇവിടെ നടന്നതെന്തെല്ലാമെന്ന് നമുക്കറിയാം. ഇപ്പോഴും ആ വിഷയം കെട്ടടങ്ങാതെ നിൽക്കുമ്പോൾ തന്നെയാണ് വിസിമാരുടെ ആർഎസ്എസ് പരിപാടിയിലെ പങ്കാളിത്തവും അതേറ്റുപിടിച്ച പ്രതിപക്ഷ വിമർശനങ്ങളും.
സംഘപരിവാറിന്റെ 100 വർഷങ്ങൾ എന്ന പേരിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പരിപാടിയിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു. തിരുവനന്തപുരം ഉദയാ കൺവെൻഷനിൽ നടന്ന പരിപാടിയിലാണ് ചട്ടങ്ങൾ ലംഘിച്ച് കേരള വിസി ഡോ. മോഹനൻ കുന്നുമ്മലും എംജി വിസി പ്രൊഫ. ഡി മാവൂത്തും, മലയാളം വിസി ഡോ. സി ആർ പ്രസാദും ഔദ്യോഗിക വാഹനങ്ങളിലെത്തിയത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. ഇതിലെന്താണ് ഇത്ര പ്രശ്നമാക്കാൻ എന്ന ചോദ്യമാണ് മനസിൽ വരുന്നതെങ്കിൽ, പരിപാടിക്കിടെ മോഹൻ ഭാഗവത് പറഞ്ഞ ഒരു കാര്യം ഇതാണ്- ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും എല്ലാവരും ആർഎസ്‌എസിൽ ചേരണമെന്നുമാണ് മോഹൻ ഭാഗവത് ആഹ്വാനം ചെയ്തത്.
മൂന്ന് വിസിമാർ പങ്കെടുത്തത് അത്യന്തം ഗൗരവത്തോടെയാണ് മതേതര കേരളം കാണുന്നതെന്നും സർവകലാശാലകളിൽ സംഘപരിവാർ അജണ്ടകൾ അടിച്ചേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കാജനകമായ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നതെന്നുമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ എങ്ങനെ പിടിമുറുക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണമാണിത്. ഇതിനെതിരെ മുഖ്യമന്ത്രിയോ മന്ത്രിമാരോ യുഡിഎഫിലെ കക്ഷികളോ പ്രതികരിച്ചിട്ടില്ല. യുഡിഎഫും സംസ്ഥാന ഭരണ നേതൃത്വവും ബിജെപിയെയും സംഘപരിവാറിനെയും എന്തുകൊണ്ടാണ് എതിർക്കാൻ മടിക്കുന്നതെന്നും പിണറായി വിജയൻ ചോദിച്ചു.
വിഷയം പ്രതിപക്ഷം വലിയ രീതിയിൽ വിമർശിച്ചപ്പോൾ മുഖ്യമന്ത്രിയുടെ പ്രതികരണമെത്തി. വിസിമാർ കേരള സമൂഹത്തോട് മാപ്പ് പറയണമെന്നാണ് വിഡി സതീശൻ പ്രതികരിച്ചത്. ഗത്യന്തരമില്ലാതെയാണ് മുഖ്യമന്ത്രി ഇത് പറഞ്ഞതെന്ന ആക്ഷേപവുമായി വീണ്ടും പ്രതിപക്ഷമെത്തി. അതിന് കാരണവുമുണ്ട്- നേരത്തേ ഇതേ ആർഎസ്എസിന്റെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തയാളാണ് ഇന്നത്തെ നമ്മുടെ മുഖ്യമന്ത്രി. അപ്പോൾ ആരാണ് ആദ്യം മാപ്പ് പറയേണ്ടത്?
എന്തായാലും സംഭവം ഇത്രയും ആയതോടെ ബിജെപി നേതാക്കളും രംഗത്തെത്തി. വൈസ് ചാൻസലർമാരെ ഭീഷണിപ്പെടുത്തുന്നു എന്ന് കണ്ടു കഴിഞ്ഞാൽ മറ്റു ചില ആളുകൾ പേടിച്ച് പങ്കെടുക്കാതിരിക്കും എന്നുള്ളത് തെറ്റിദ്ധാരണയാണെന്നാണ് ബിജെപി നേതാവ് വി മുരളീധരൻ എംഎൽഎ പ്രതികരിച്ചത്. ആ കാലഘട്ടമൊക്കെ മാറിക്കഴിഞ്ഞു എന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തിരിച്ചറിയണം. ഇതു വാസ്തവത്തിൽ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും കൈയടി വാങ്ങാൻ വേണ്ടിയിട്ടുള്ള ഒരു പ്രസ്താവന എന്നുള്ളതിന് അപ്പുറത്ത് ഇതിന് ഒരു വിലയുമില്ല. കേരളത്തിന്റെ പൊതുസമൂഹത്തിന് തിരിച്ചറിയാൻ കഴിയണം.’ എന്നാണ് മുരളീധരൻ പറഞ്ഞത്.
വിഡി സതീശന്റെ പോസ്റ്റിന് താഴെയാണ് കെ സുരേന്ദ്രൻ റീ-കൗണ്ടറുമായി എത്തിയത്. “ആർഎസ്‌എസ് പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങുതന്നെ മാപ്പ് പറഞ്ഞു തുടങ്ങുന്നതായിരിക്കും നല്ലത്” എന്നായിരുന്നു സുരേന്ദ്രന്റെ കമന്റ്. മുഖ്യമന്ത്രി എറിഞ്ഞ മാപ്പ് പ്രയോഗം കറങ്ങിത്തിരിഞ്ഞ് അദ്ദേഹത്തിന് തന്നെ കൊള്ളുന്ന രീതിയിൽ സുരേന്ദ്രൻ തിരിച്ചടിച്ചത് സൈബർ ലോകത്ത് ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 2006-ൽ പറവൂരിൽ നടന്ന ആർഎസ്‌എസ് ചടങ്ങിൽ വി ഡി സതീശൻ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. സതീശൻ-ആർഎസ്എസ് ഡീൽ എന്ന തരത്തിൽ വരെ ചോദ്യങ്ങളും ഉയർന്നിരുന്നെങ്കിലും ഇതിനൊന്നും കൃത്യമായൊരു മറുപടി അദ്ദേഹം തന്നിട്ടില്ല.
സംഭവം കേറിയങ്ങ് കൊളുത്തി. ഇതോടെ സതീശൻറെ പോസ്റ്റിന് താഴെ ട്രോളുകളുടെ പൂരമാണ്. ‘അന്ന് വിളക്ക് കൊളുത്തിയതിന് താങ്കൾ എന്നാണു മാപ്പ് പറയുക എന്നാണ് ഒരാൾ ചോദിക്കുന്നത്. “ആദ്യം സ്വയം മാപ്പ് പറഞ്ഞ് മാതൃക കാണിക്കൂ, അതല്ലേ ഹീറോയിസം” എന്നൊക്കെ കമന്റുകൾ വന്നു. സർവകലാശാലകളിൽ കാവിവത്കരണത്തിന് വഴിതുറന്നപ്പോൾ നോക്കിനിന്നവർക്ക് ഇപ്പോഴാണോ ബോധം വന്നതെന്നാണ് മറ്റു ചിലർ ചോദിക്കുന്നത്.
വിസിമാരുടെ കൂട്ടത്തിലെ കേരള സർവകലാശാല വൈസ് ചാൻസലറായ ഡോ. മോഹനൻ കുന്നുമലിന്റെ സംഘപരിവാർ സംഘടനകളുമായുള്ള ബന്ധം നേരത്തെ തന്നെ വിമർശനങ്ങൾക്ക് കാരണമായിട്ടുള്ളതാണ്. ഇദ്ദേഹത്തിന്റെ സംഘപരിവാർ ബന്ധം എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ നിരവധി തവണ ചൂണ്ടിക്കാട്ടുകയും അത്തരം നിലപാടുകൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിട്ടുള്ളതാണ്. സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി വിഡി സതീശന്റെ സംഘപരിവാർ ബന്ധം വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ നിയമന വിവാദങ്ങളിൽ, കെബി പ്രദീപും ബി അശോകും ഉൾപ്പെടെ പലരും കടുത്ത മോദി ആരാധകർ ആണെന്നത് ഈ സംശയങ്ങൾക്ക് ബലം കൂട്ടുന്നതാണ്. ഒപ്പം തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച മണ്ഡലങ്ങളിൽ നടന്ന അടിയൊഴുക്കുകളും ഇപ്പോഴത്തെ സംഭവവികാസങ്ങളും ഇതിനോട് ചേർത്ത് വായിക്കാം.
എന്തായാലും കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ വർഷങ്ങളെടുത്താണ് നാം രാജ്യം പോലും മാതൃകയാക്കുന്ന ഈ നിലയിൽ എത്തിച്ചതെന്നും രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി അവ വർഗീയ താൽപര്യങ്ങളുടെ കാൽക്കീഴിൽ കൊണ്ടിടേണ്ട ഒന്നല്ലെന്നും ഭരണകർത്താക്കൾ ഓർത്താൽ നല്ലത്.




