തൃശ്ശൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ ആരോപണവിധേയരായവരെ സുപ്രധാന സ്ഥാനങ്ങളിൽ നിയമിക്കരുതെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇത്തരക്കാരെ പ്രധാന തസ്തികകളിൽ നിയമിക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന് കത്ത് നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി.
സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന ആരോപണം നേരിടുന്നവരെ മർമ്മപ്രധാന സ്ഥാനങ്ങളിൽ നിയമിക്കുന്നതിനുള്ള ഉത്തരവ് നടപ്പാക്കരുതെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബോർഡ് പ്രസിഡന്റ് നിഷ്പക്ഷ നിലപാടുള്ള വ്യക്തിയായതിനാലാണ് ഇതുവരെ വിഷയത്തിൽ പ്രതികരിക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരവുകളിൽ തിരുത്തൽ വരുത്തിയില്ലെങ്കിൽ നിലവിലെ ദേവസ്വം ബോർഡിനും കേസുമായി ബന്ധമുണ്ടെന്ന ധാരണയിലാണ് സർക്കാർ മുന്നോട്ടുപോകേണ്ടിവരികയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ കുറ്റപത്രം സമർപ്പിച്ചതിന് ശേഷമേ തുടർനടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. കുറ്റപത്രത്തിലെ കണ്ടെത്തലുകൾ തൃപ്തികരമല്ലെങ്കിൽ സർക്കാർ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ സാമ്പിളുകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘം ഇന്നലെ ശബരിമലയിലെത്തി. പ്രഭാമണ്ഡലത്തിൽ നിന്നുൾപ്പെടെ ശേഖരിച്ച സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് എസ്‌ഐടി വീണ്ടും പരിശോധന നടത്തുന്നത്.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വർണപാളികൾ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ് നൽകി. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. 2025ലെ ഇടപാടുകളും അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടി അന്വേഷണം വിപുലീകരിച്ചിരിക്കുന്നത്.






