മലപ്പുറം: ലൈസൻസ് അനുവദിച്ചതിന് കൈക്കൂലി വാങ്ങിയെന്ന കേസിൽ തിരൂർ നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. കന്മനം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആയുർവേദിക് വെൽനസ് സെന്ററിന് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി ജി.വി. വിനോദ്കുമാർ (47) മലപ്പുറം വിജിലൻസ് പിടിയിലായത്.
ഇതേ കേസിൽ തിരൂർ നഗരസഭയിലെ താത്കാലിക വാച്ച്മാൻ ഷിഹാബുദ്ദീനും ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സതീഷും നേരത്തെ അറസ്റ്റിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിനോദ്കുമാർ പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ് ശരിയാക്കി നൽകുന്നതിനായി 3000 രൂപ നേരിട്ടും 1300 രൂപ ഗൂഗിൾപേ വഴിയും കൈപ്പറ്റിയതായി കണ്ടെത്തിയത് എന്ന് വിജിലൻസ് അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. വിനോദ്കുമാറിനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. സംഭവത്തെ തുടർന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതായി നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി അറിയിച്ചു.






