കോഴിക്കോട്: കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ ഡയറക്ടർ റെനീഷ് നിക്ഷേപമായി സ്വീകരിച്ച 100 പവൻ സ്വർണം വിറ്റതായി കണ്ടെത്തൽ. 18 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് സ്വർണം നിക്ഷേപമായി സ്വീകരിച്ചത്. ആദ്യം പണയം വെച്ച സ്വർണം പിന്നീട് വിൽക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ഒരു കുടുംബത്തിലെ നിരവധി പേരിൽ നിന്നായി സ്വീകരിച്ച 100 പവൻ സ്വർണം സഹകരണ സംഘത്തിന്റെ അക്കൗണ്ടിൽ എത്തിച്ചില്ല. പകരം റെനീഷ് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി പണയം വെക്കുകയായിരുന്നു. പിന്നീട് സ്വർണം സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് മാറ്റി. ഇവിടെ നിന്ന് ജ്വല്ലറിയിലെത്തിച്ച് വിൽക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.
കേസിൽ റെനീഷ് ഉൾപ്പെടെ മൂന്ന് പ്രതികളും റിമാൻഡിലാണ്. കഴിഞ്ഞ മാസമാണ് റെനീഷിനെ ഇടുക്കിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡിന് ശേഷം പൊലീസ് കസ്റ്റഡിയിൽ ലഭിച്ച സമയത്ത് നടത്തിയ ചോദ്യംചെയ്യലിലാണ് സ്വർണം വിറ്റ വിവരം പുറത്തുവന്നത്.
ഇബ്രാഹിം ഹാജി എന്ന നിക്ഷേപകൻ തീകൊളുത്തി ജീവനൊടുക്കിയതോടെയാണ് കടത്തനാട് ലേബർ സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 2.18 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് നേരത്തെ കണ്ടെത്തിയിരുന്നത്. എന്നാൽ അന്വേഷണത്തിൽ ഇതിലും വലിയ തോതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.




