കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിൽ വില്ലന്മാരായത് അമിത വേഗവും മദ്യവുമായിരുന്നു. അതിൽ മദ്യപിച്ചതും പ്രതികളുടെ പ്രായവും ബന്ധപ്പെടുത്തി കേസെടുത്തത് നാം കണ്ടിരുന്നു. ഇവിടെയാണ് പലർക്കും അറിയാത്തതോ മുഖവിലയ്ക്ക് എടുക്കാത്തതോ ആയ ഏറ്റവും പ്രധാനപ്പെട്ട അബ്കാരി നിയമം നിർണായകമാകുന്നത്.
സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള നിയമപരമായ പ്രായപരിധി 23 വയസ്സ് ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇതു കർശനമായി പാലിക്കപ്പെടാത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നത്. കേരള അബ്കാരി നിയമത്തിലെ 15എ, 15ബി, 56ബി തുടങ്ങിയ വകുപ്പുകളാണ് ഇതിനെതിരെ വിഭാവനം ചെയ്തിരിക്കുന്നത്. 15 ബി വകുപ്പു പ്രകാരമാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. 23 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് മദ്യം നൽകുന്നതു നിരോധിക്കുന്നതാണ്സ്ഥാ ഈ വകുപ്പ്.
ബാറുകൾ ഇത്തരത്തിൽ പ്രായപരിധിക്ക് താഴെയുള്ളവർക്ക് മദ്യം വിൽക്കാൻ പാടില്ലെന്ന് ലൈസൻസ് നൽകുമ്പോൾ തന്നെ വ്യക്തമാക്കുന്നതാണ്. ഇതു ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ് കമ്മിഷണർക്ക് അധികാരമുണ്ട്. ഈ നിബന്ധന ലംഘിക്കുന്നവർക്ക് രണ്ടു വർഷം വരെ തടവും 5000 രൂപ പിഴയും ശിക്ഷ ലഭിക്കാം. ഇതിനു പുറമേ സെക്ഷൻ 56 ബി പ്രകാരം ആറു മാസം വരെ തടവും 25000 രൂപ പിഴയും ഇവർക്കു ശിക്ഷ നൽകാം. അബ്കാരി നിയമം 15 എ പ്രകാരം 23 വയസ്സിൽ താഴെയുള്ളവർ മദ്യം ഉപയോഗിക്കുന്നതും കുറ്റകരമാണ്. ഇവർക്ക് രണ്ടു വർഷം വരെ തടവും 5000 രൂപ പിഴയും ശിക്ഷ നൽകാനുള്ള വ്യവസ്ഥയുണ്ട്.
എന്നാൽ നിയമത്തിലെ 67ാം വകുപ്പ് പ്രകാരം ഭൂരിപക്ഷം കേസുകളിലും പിഴ മാത്രം ഈടാക്കി (കോംപൗണ്ടിങ്) വിട്ടയയ്ക്കുകയാണ് ചെയ്യുന്നത്. 1996ൽ ചാരായനിരോധനം നടപ്പാക്കിയതിനു പിന്നാലെ 1997ൽ കോംപൗണ്ടിങ് നിർത്തലാക്കിയിരുന്നു. എന്നാൽ പല കേസുകളും നീണ്ടുപോകുകയും ശിക്ഷിക്കപ്പെടാതെ വരികയും കേസുകൾ കെട്ടിക്കിടക്കുകയും ചെയ്തതോടെയാണ് വീണ്ടും കോംപൗണ്ടിങ് സംവിധാനത്തിൽ പിഴ ഈടാക്കി നടപടി അവസാനിപ്പിക്കുന്ന നില തിരിച്ചെത്തിയത്.
നെടുമ്പാശേരിയിൽ മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ അറസ്റ്റിലായ പത്തൊമ്പതുകാരൻ സുഹൈൽ സജീവിനു മദ്യം നൽകിയ മൂന്നു ബാറുകളുടെ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. അബ്കാരി നിയമം 56ബി, 15ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കടവന്ത്രയിലെ ‘ദയ ബൈ റിനെ’, പാലാരിവട്ടത്തിനു സമീപം ചക്കാലയ്ക്കലുള്ള ‘മണ്സൂണ് എംപ്രസി’, നെടുമ്പാശേരിയിലെ ‘കോര്ട്ട്യാര്ഡ് ബൈ മാരിയറ്റ്’ എന്നീ ബാറുകളുടെ ലൈസന്സ് ആണ് സസ്പെന്ഡ് ചെയ്തത്.
ഈ ബാറുകള്ക്ക് എക്സൈസ് വകുപ്പ് കാരണംകാണിക്കല് നോട്ടീസ് നല്കിയിട്ടുണ്ട്. 15 ദിവസത്തിനകം തൃപ്തികരമായ മറുപടി നല്കിയില്ലെങ്കില്, ഇപ്പോള് സസ്പെന്ഡ് ചെയ്ത നടപടി ബാറുകളുടെ ലൈസന്സ് ക്യാന്സല് ചെയ്യുന്നതിലേക്ക് മാറുമെന്ന് എക്സൈസ് വകുപ്പിന്റെ ഉത്തരവില് വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ റോഡപകടങ്ങൾക്കു പ്രധാന കാരണം മദ്യപിച്ചു വാഹനമോടിക്കുന്നതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്ന സ്ഥാപനങ്ങൾക്ക് എതിരെ നടപടി കൂടുതൽ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. പലപ്പോഴും പിഴ കൊടുത്ത് രക്ഷപ്പെടാം എന്ന തോന്നലുള്ളതിനാൽ മിക്കവരും മദ്യപിച്ച് വാഹനമോടിക്കുന്നതിന് മടി കാണിക്കാറില്ല എന്നതാണ് സത്യം. ഈ മനോഭാവം മാറാൻ നിയമം കർശനമാക്കുക, ശിക്ഷ കനത്തതാക്കുക എന്നത് മാത്രമാണ് ഏക പോംവഴി.




