തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടമ്മയെയും കുടുംബത്തെയും ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഹരിഹരപുരം കെടാകുളം കല്ലുവിള വീട്ടിൽ രാജേഷ് (48) ആണ് പിടിയിലായത്. ഏപ്രിൽ 6നാണ് സംഭവം നടന്നത്. കെടാകുളം സ്വപ്നനിവാസിൽ താമസിക്കുന്ന രമാഭായി (65), മകൾ സ്വപ്ന, രമാഭായിയുടെ സഹോദരി ഗിരിജ എന്നിവരുടെ പരാതിയിലാണ് നടപടി.
രാജേഷും രമാഭായിയും തമ്മിൽ മുൻപേ വഴിത്തർക്കമുണ്ടായിരുന്നു. വീട്ടിലേക്കുള്ള വഴിയിൽ രാജേഷ് പതിവായി കരിങ്കല്ലുകൾ ഇടുകയും വാഹന ഗതാഗതം തടസപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ രമാഭായിയുടെ ഭർത്താവ് വീട്ടിലേക്കുള്ള വഴിയിൽ എത്തിയപ്പോഴാണ് സംഭവം. രാജേഷ് അസഭ്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തതിനെ തുടർന്ന് രമാഭായിയും കുടുംബവും ചോദ്യം ചെയ്തു. തുടർന്ന് രാജേഷും മകൻ മുത്തുവും ചേർന്ന് ഇവരെ ആക്രമിച്ചെന്നാണ് പരാതി.
ആക്രമണത്തിനിടെ രാജേഷ് രമാഭായിയെ നിലത്ത് തള്ളിയിട്ട് കല്ലുകൊണ്ട് തലയ്ക്ക് പരിക്കേൽപ്പിച്ചതായും പറയുന്നു. തടയാൻ ശ്രമിച്ച മകൾക്കും സഹോദരിക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രമാഭായി ആശുപത്രിയിൽ ചികിത്സ തേടി. ബന്ധുക്കൾക്കും തലക്കും കണ്ണിനും പരിക്കേറ്റതായി പരാതിയിൽ വ്യക്തമാക്കുന്നു.
അയിരൂർ പൊലീസ് അറസ്റ്റ് ചെയ്ത രാജേഷിനെ കോടതിയിൽ ഹാജരാക്കി.




